ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത പ്രവര്‍ത്തനത്തിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ വിമത എം.എല്‍.എയുമായ വിജയ് ബഹുഗുണയുടെ മകന്‍ സാകേത് ബഹുഗുണയെ കോണ്‍ഗ്രസ് പുറത്താക്കി. ആറ് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുകയാണ് ചെയ്തത്.
വിജയ് ബഹുഗുണ അടക്കമുള്ള ഒമ്പത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഹരീഷ് റാവത്ത് മന്ത്രിസഭയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്നതിനിടയിലാണ് പാര്‍ട്ടി നടപടി. പി.സി.സി ജനറല്‍ സെക്രട്ടറിയും സാകേത് ബഹുഗുണയോട് അടുപ്പം പുലര്‍ത്തുന്നയാളുമായ അനില്‍ ഗുപ്തയേയും കോണ്‍ഗ്രസ് പുറത്താക്കി.
കലാപവും വിമതപ്രവര്‍ത്തനവും നടത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചത്. വിമത എം.എല്‍.എമാര്‍ക്ക് ഒപ്പമുള്ള മന്ത്രി ഹരക് സിംഗ് റാവത്തിനെയും സസ്‌പെന്റ് ചെയ്തു. സംസ്ഥാനത്തെ ഒമ്പത് ജില്ലാ ഘടകങ്ങളും പിരിച്ചുവിട്ടു.
അതേ സമയം മന്ത്രിസഭയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. ഹരീഷ് റാവത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമായുള്ള ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തും. മാര്‍ച്ച് 28 വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിന് സമയം നല്‍കിയിരിക്കുന്നത്.