ഉത്തരാഖണ്ഡ് ദുരന്തം; 19 പേരുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ തുടരുന്നു

ഡല്‍ഹി: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെടുത്തു. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തില്‍ നിന്ന് ചെളി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണ്ണും ചെളിയും കാരണം തുരങ്കത്തില്‍ നിന്ന് മുന്നോട്ട് പോകാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുകയാണ് രക്ഷാപ്രവര്‍ത്തകര്‍.

ദുരത്തില്‍ നൂറിലധികം പേര്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എന്‍ഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. പ്രളയത്തില്‍ അറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി. ദുരന്തമുഖത്ത് സന്ദര്‍ശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

അതേസമയം, ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് വിദഗ്ധര്‍ക്ക് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഗ്ലോഫ് എന്ന മഞ്ഞ് ഉറഞ്ഞ് രൂപപ്പെട്ടുണ്ടായ തടാകമാണോ അപകട കാരണമെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. സാറ്റ്‌ലൈറ്റ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് സംഘം സ്ഥലത്ത് പഠനം നടത്തും.

Top