ഉത്തരാഖണ്ഡ് ദുരന്തം; മരിച്ചവരുടെ എണ്ണം 50 ആയി

ഡൽഹി: ഉത്തരാഖണ്ഡ് ദുരന്തത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 50 ആയി. ഇന്ന് ഇതുവരെ 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചെളിയിൽ പുതഞ്ഞു കിടന്ന മുപ്പതോളം പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. അതേസമയം, തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങൾ സംസ്കരിച്ചതായി പൊലീസ് അറിയിച്ചു. ഏഴു ദിവസമായി തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും ആദ്യമായി തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിന് മുമ്പ് 38 മൃതദേഹങ്ങളും കണ്ടെടുത്തത് ദൗലി ഗംഗ നദിയിൽ നിന്നായിരുന്നു.

തുരങ്കത്തിൻറെ 130 മീറ്ററോളം രക്ഷാപ്രവ‍ർത്തകർക്ക് എത്തി. തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ദൗലി ഗംഗ നദിയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് വെല്ലുവിളിയാണെങ്കിലും കൂടുതൽ പേരെ ജീവനോടെ പുറത്തെത്തിക്കാനാകും എന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. 164 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 12 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. അടുത്ത തുരങ്കത്തിലേക്ക് കടക്കാനുള്ള ശ്രമം രക്ഷാപ്രവർത്തകർ തുടരുകയാണ്.

Top