Uttarakhand floor test over, Congress claims it has won

ഡെറാഡൂണ്‍: കടുത്ത രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിച്ച് ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. നിയമസഭയില്‍ രാവിലെ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിന് 34 വോട്ട് ലഭിച്ചപ്പോള്‍ പ്രതിപക്ഷമായ ബി.ജെ.പിക്ക് 28 വോട്ട് ലഭിച്ചു.

34 പേര്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചും 28 പേര്‍ ബിജെപിയെ അനുകൂലിച്ചും വോട്ട് ചെയ്തതായി വോട്ടെടുപ്പില്‍ പങ്കെടുത്ത ചില എംഎല്‍എമാര്‍ വ്യക്തമാക്കി. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതായി ബിജെപി എംഎല്‍എ ഗണേഷ് ജോഷിയും പറഞ്ഞു.

മാര്‍ച്ച് 18ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് നിയമസഭയില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ പടനയിച്ചതോടെയാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്.

മാര്‍ച്ച് 27ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി. അംഗബലം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് വിശ്വാസവോട്ടെടുപ്പാണ് അന്തിമതീര്‍പ്പെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ മേയ് ആറിന് ഉത്തരവിടുകയായിരുന്നു.

Top