ഹോക്കി താരം വന്ദന കട്ടാരിയക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍: ടോക്യോ ഒളിംപിക്സില്‍ തിളങ്ങിയ ഇന്ത്യന്‍ വനിതാ ഹോക്കി താരം വന്ദന കട്ടാരിയക്ക് അംഗീകാരവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ വനിതാ, ശിശു വികസന അംബാസഡറായി താരത്തെ നിയമിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് പ്രഖ്യാപിച്ചത്. ടോക്യോയിലെ പ്രകടനത്തിന് 25 ലക്ഷം രൂപ പാരിതോഷികവും സര്‍ക്കാര്‍ വന്ദനയ്ക്ക് നല്‍കും.

ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി വന്ദനയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഒളിംപിക്സ് സെമിയില്‍ തോറ്റപ്പോള്‍ ഒരു സംഘം വന്ദനയുടെ വീട്ടിലെത്തി ജാതി അധിക്ഷേപം നടത്തിയിരുന്നു. പരാജയത്തിന് പിന്നാലെ രണ്ട് ഉയര്‍ന്ന ജാതിക്കാര്‍ വന്ദനയുടെ വീട്ടിന് അടുത്ത് എത്തുകയും പടക്കം പൊട്ടിക്കുകയും ആക്ഷേപകരമായ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തുവെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ദളിത് കളിക്കാര്‍ കൂടുതലുള്ളതിനാലാണ് ഇന്ത്യന്‍ ടീം തോറ്റതെന്ന് ഇവര്‍ വിളിച്ചുപറഞ്ഞതായും വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

‘മത്സരം തോറ്റതില്‍ സങ്കടമുണ്ട്, എന്നാല്‍ പൊരുതിയാണ് തോറ്റത്. അതിനാല്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മത്സരം പരാജയപ്പെട്ട സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്. വീട്ടിന് പുറത്ത് വലിയതോതില്‍ പടക്കം പൊട്ടിക്കുന്നു. ഗ്രാമത്തില്‍ തന്നെയുള്ള ഉയര്‍ന്ന ജാതിയിലെ രണ്ടുപേരായിരുന്നു അത് ചെയ്തത്. അവര്‍ ഡാന്‍സ് കളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെ ചെറുക്കാന്‍ വന്ദനയുടെ കുടുംബാംഗങ്ങള്‍ ശ്രമിച്ചതോടെ അവര്‍ കൂടുതല്‍ പ്രകോപിതരായി ജാതി അധിക്ഷേപം നടത്തുകയായിരുന്നു’ എന്നും വന്ദനയുടെ സഹോദരന്‍ ശേഖര്‍ പറഞ്ഞു.

ടോക്യോ ഒളിംപിക്സില്‍ മിന്നിത്തിളങ്ങിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീം കൈയ്യകലെയാണ് വെങ്കല മെഡല്‍ കൈവിട്ടത്. വെങ്കലപ്പോരാട്ടത്തില്‍ വിസ്മയ തിരിച്ചുവരവിനൊടുവില്‍ ബ്രിട്ടനോട് 3-4ന് ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗാണ് ഇന്ത്യന്‍ വനിതകളുടേത്. മത്സരത്തില്‍ ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത് വന്ദന കട്ടാരിയയായിരുന്നു.

 

Top