ഉത്തരാഖണ്ഡ് ദുരന്തം; 10 പേര്‍ മരിച്ചു, നൂറിലേറെപ്പേരെ കാണാതായി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ കനത്ത നാശനഷ്ടം. ജലവൈദ്യുത പദ്ധതിയില്‍ ജോലി നോക്കിയിരുന്ന നൂറ്റമ്പതോളം തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം. 10 മൃതദേഹങ്ങള്‍ നദിയില്‍ നിന്നു കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ടിപിസിയുടെ തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി.

രക്ഷാപ്രവര്‍ത്തനത്തിന് കര, വ്യോമസേനകള്‍ രംഗത്തുണ്ട്. 2013 മാതൃകയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 600 പേരടങ്ങുന്ന സേനയെയാണ് സൈന്യം നിയോഗിച്ചിരിക്കുന്നത്. ഇവര്‍ വിവിധ പ്രളയബാധിത പ്രദേശത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടു ഹെലികോപ്റ്ററുകളും സേന വിട്ടു നല്‍കിയിട്ടുണ്ട്.

ഋഷികേശിന് സമീപമുള്ള സൈനിക കേന്ദ്രവും തദ്ദേശ ഭരണകൂടവും രക്ഷാപ്രര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനും മുന്നിലുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് എംഐ17, എഎല്‍എച്ച് ധ്രുവ് എന്നിങ്ങനെ മൂന്ന് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഡെറാഡൂണില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. ആവശ്യാനുസരണം കൂടുതല്‍ ഹെലികോപ്റ്ററുകള്‍ വിട്ടു നല്‍കുമെന്ന് വ്യോമസേന വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയെ അറിയിച്ചു. ഇന്തോ-തിബറ്റന്‍ അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളപ്പൊക്കം കാരണം നാശനഷ്ടമുണ്ടായ തപോവന്‍, റെനി പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളും ദുരന്തബാധിത മേഖലയില്‍ എത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ സംഘം എത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ സേന ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയാണ്.

Top