ഉത്തരാഖണ്ഡ് മഴക്കെടുതിയില്‍ മരണം 64 ആയി; ട്രക്കിങ് സംഘങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനനത്തിലും മഴക്കെടുതിയിലും മരണം 64 ആയി. നിരവധി പേരെ കാണാതായി. ലാംഖാഗ ചുരത്തില്‍ അപകടത്തില്‍ പെട്ട 11 അംഗ ട്രക്കിങ് സംഘത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. രണ്ടു പേരെ രക്ഷിച്ചു. ആകാശമാര്‍ഗം സംസ്ഥാന ദുരന്ത നിവാരണ സേന നടത്തിയ തിരച്ചിലിലാണ്, സമുദ്ര നിരപ്പില്‍നിന്ന് 4,500 മീറ്റര്‍ ഉയരെ ഇവരെ കണ്ടെത്തിയത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. 3,500 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ദുരന്ത നിവാരണ സേനാംഗങ്ങളെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ വകുപ്പിന്റെ 17 സംഘങ്ങള്‍, സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 7 സംഘം, അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു. കരസേനയുടെ മൂന്ന് ഹെലികോപ്ടറുകളും ഉപയോഗിക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി എന്നിവര്‍ ദുരന്തബാധിത മേഖല ഹെലികോപ്റ്ററില്‍ ഇരുന്ന് വീക്ഷിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാരിന് അഞ്ചു കോടി രൂപ ധനസഹായം നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. വടക്കന്‍ ബംഗാളിലും മണ്ണിടിച്ചില്‍ വലിയ നാശനഷ്ടമുണ്ടാക്കി.

Top