ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡിലേക്ക്;കരട് റിപ്പോര്‍ട്ടിന് അംഗീകാരം

കീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കരട് റിപ്പോര്‍ട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം, കരട് റിപ്പോര്‍ട്ടിനും നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിനും അംഗീകാരം നല്‍കി. നിസമസഭ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് യുസിസി കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭ പാസാക്കുന്നതോടെ, സ്വതന്ത്ര ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അടങ്ങുന്ന അഞ്ചംഗ സമിതി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൂര്‍വിക സ്വത്തുക്കളിലെ പെണ്‍മക്കളുടെ തുല്യാവകാശം, ലിംഗസമത്വം എന്നിവയ്ക്ക് റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം റിപ്പോര്‍ട്ടില്‍ ഇല്ല. വിവാഹപ്രായം പതിനെട്ടായി നിലനിര്‍ത്താനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഏകീകൃത സിവില്‍ കോഡ് ഉത്തരാഖണ്ഡ് പാസാക്കിയാല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളും ഇത് പാസാക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മൂന്ന് സംസ്ഥാനങ്ങളില്‍ സിവില്‍ കോഡ് നടപ്പാക്കും. ബില്ലിന്റെ കരട് തയാറാക്കാന്‍ വേണ്ടി ഡല്‍ഹി ഹൈക്കോടതി ജഡ്ജി പ്രമോദ് കോഹ്ലി, സാമൂഹ്യ പ്രവര്‍ത്തകന്‍ മനു ഗൗര്‍, മുന്‍ ചീഫ് സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ ശത്രുഘന്‍ സിങ് തുടങ്ങിയവരടങ്ങിയ രണ്ട് ഉപകമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു.

2022-ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു സിവില്‍ കോഡ്. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതിനായി പ്രത്യേക കമ്മിറ്റിയും പ്രഖ്യാപിച്ചിരുന്നു.

Top