യു.പി ‘സഖ്യം’ ഉയർത്തുന്ന വെല്ലുവിളികൾ ഭരണ തുടർച്ച ഉറപ്പാക്കുമെന്ന് ബി.ജെ.പി

യു.പിയില്‍ എസ്.പി – ബി.എസ്.പി സഖ്യമുണ്ടാക്കി പ്രതിപക്ഷ മഹാസഖ്യം ഉയര്‍ത്തുന്ന ഭീഷണിയിലും ഉറച്ച വിജയ പ്രതീക്ഷയില്‍ ബി.ജെ.പി.

ഇത്തവണ ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയില്ലങ്കിലും ഭരണം എന്‍.ഡി.എക്കു തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കരുനീക്കങ്ങള്‍. ഇങ്ങനെ വിലയിരുത്താന്‍ കാവിപടക്ക് വ്യക്തമായ ചില കാരണങ്ങളുമുണ്ട്.

അതില്‍ പ്രധാനം കേവല ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചാലും പ്രധാനമന്ത്രി പദത്തെ ചൊല്ലി അവര്‍ അടിച്ചു പിരിയുമെന്നതാണ്.

യു.പിയില്‍ സഖ്യമായി മത്സരിച്ച് കുറച്ച് സീറ്റുകള്‍ നേടിയാല്‍ പോലും ഒടുവില്‍ മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ സമാജ് വാദി പാര്‍ട്ടി പിന്തുണ നല്‍കില്ലെന്നാണ്‌ ബി.ജെ.പി നേതൃത്വത്തിന്റെ നിഗമനം. ബി.എസ്.പി – എസ്.പി സഖ്യത്തില്‍ എതിര്‍പ്പുള്ള വിഭാഗം എല്ലാ മണ്ഡലത്തിലും റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അത് ബി.ജെ.പിക്ക് നേട്ടമാകുമെന്ന ആത്മവിശ്വാസവും ദേശീയ നേതൃത്വത്തിനുണ്ട്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രധാനമന്ത്രിയാക്കാനാകട്ടെ ഇടതുപക്ഷവും മായവതിയുടെ ബി.എസ്.പിയും തയ്യാറാകില്ലന്നും ബി.ജെ.പി വിലയിരുത്തുന്നു.

അഖിലേഷ് യാദവിന്റെ സാധ്യതകള്‍ക്ക് പാരവയ്ക്കാന്‍ മായാവതിക്കൊപ്പം ലാലു പ്രസാദിന്റെ ആര്‍.ജെ.ഡി നില്‍ക്കാനുള്ള സാധ്യതയും കാവിപ്പട മുന്നില്‍ കാണുന്നുണ്ട്. മൂന്നാം ചേരിയില്‍ നിന്നും ആരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതിനും കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നിലപാടുകളും നിര്‍ണ്ണായകമാകും.

ഇനി രാഹുല്‍ ഗാന്ധിയെ മുന്‍ നിര്‍ത്തി യു.പി.എ ആണ് മൂന്നാം ചേരിയുടെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അവിടെയും ഭിന്നതയുണ്ടാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളും തമിഴകത്ത് നടന്‍ രജനി രൂപീകരിക്കുന്ന പാര്‍ട്ടിയും ഒടുവില്‍ എന്‍.ഡി.എയെ തന്നെ പിന്തുണക്കുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതൃത്വത്തിനുണ്ട്.

ആവശ്യമെങ്കില്‍ കേന്ദ്രത്തില്‍ നല്ലൊരു പദവി വാഗ്ദാനം ചെയ്ത് സാക്ഷാല്‍ മായാവതിയെ തന്നെ അടര്‍ത്തിമാറ്റി ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകരിലും ശക്തമാണ്.

മതേതര പാര്‍ട്ടികളായി അറിയപ്പെടുന്ന ജനതാദള്‍ എസ്സും, എന്‍.സി.പിയും മുന്‍തൂക്കം കാവി പടക്കാണെന്ന് കണ്ടാല്‍ അങ്ങോട്ട് ചായാനും മടിക്കില്ലെന്നും വ്യക്തമാണ്. ഇപ്പോള്‍ തന്നെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് സഖ്യത്തില്‍ മടുത്ത് നില്‍ക്കുകയാണ് മുഖ്യമന്ത്രി കുമരസ്വാമി. ജനതാദള്‍ കേന്ദ്രത്തില്‍ പിന്തുണച്ചാല്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പി കുമരസ്വാമി സര്‍ക്കാറിനെയും പിന്തുണച്ചേക്കും. കോണ്‍ഗ്രസ്സ് ഇല്ലങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കുമരസ്വാമിക്ക് കഴിയുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ രൂപീകരണത്തിനും ആദ്യം ബി.ജെ.പി പിന്തുണ സ്വീകരിക്കാനായിരുന്നു കുമരസ്വാമി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ പിതാവ് ദേവഗൗഡ ഇടപെട്ട് പിന്‍തിരിപ്പിക്കുകയായിരുന്നു. എന്‍.സി.പി നേതാവ് ശരദ് പവാറാകട്ടെ ബി.ജെ.പി നേതാക്കളുടെ അടുത്ത സുഹൃത്തുമാണ്. ഇടതുപക്ഷത്തെ പോലെ പരമ്പരാഗതമായ കടുത്ത ശത്രുതയോ പ്രത്യയശാസ്ത്രപരമായ എതിര്‍ നിലപാടുകളോ ഇവര്‍ക്കാര്‍ക്കും ബി.ജെ.പിയോടില്ല എന്നതും വ്യക്തമാണ്.

എസ്.പി – ബി.എസ്.പി സഖ്യം യുപിയില്‍ നിന്നും പകുതി സീറ്റുകള്‍ കൊണ്ടു പോയാലും അത് ബംഗാള്‍ ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നികത്താം എന്ന കണക്കു കൂട്ടലിലാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനം. കോണ്‍ഗ്രസ്സ് വിജയിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും ലോകസഭ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ബി.ജെ.പി പ്രതീക്ഷിക്കുന്നില്ല. വോട്ടിങ് ശതമാനം മുന്‍ നിര്‍ത്തിയാണ് ഈ കണക്കു കൂട്ടല്‍. നിയമസഭ തിരഞ്ഞെടുപ്പിലെ ഭരണവിരുദ്ധ വികാരം ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലന്ന് ദേശീയ നേതൃത്വം കരുതുന്നു.

mahasakhyam

കേരളത്തില്‍ നിന്നും തിരുവനന്തപുരം സീറ്റ് ഉറപ്പിച്ചു നിര്‍ത്തുമ്പോള്‍ തന്നെ മറ്റൊരു സീറ്റില്‍ കൂടി വിജയം ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ എം.പിമാര്‍ ഇത്തവണ ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചോദ്യം ഉയര്‍ത്തി വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി നേട്ടം കൊയ്യുകയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം. പാക്കിസ്ഥാന്‍, കോണ്‍ഗ്രസ്സിന്റെ വിജയം ആഗ്രഹിക്കുന്നതായ ബി.ജെ.പി പ്രചരണവും ദേശീയ വികാരം അനുകുലമാക്കുന്നതിനു വേണ്ടിയാണ്.

ഒറ്റക്ക് ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പൊരുതുമ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നേതാക്കളുമായി ഹോട്ട് ലൈന്‍ ബന്ധവും ബി.ജെ.പി നേതാക്കള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ നീക്കം കോണ്‍ഗ്രസ്സിനെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.

ഇപ്പോള്‍ ഒരവസരമില്ലങ്കില്‍ ഇനി ഒരുപക്ഷേ മറ്റൊരു അവസരം ഉണ്ടാകില്ലന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഗാന്ധി കുടുംബത്തെ മാത്രമല്ല പ്രതിപക്ഷത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭയം.

അതേസമയം ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ഇന്നുവരെ കാണാത്ത തരത്തിലുള്ള കാലുമാറ്റത്തിന് ദേശീയ രാഷ്ട്രീയ രംഗം സാക്ഷ്യം വഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

political reporter

Top