ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല; മൈക് പോംപിയോ

വാഷിങ്ടണ്‍; ലോകത്ത് തന്നെ ഏറ്റവും കഷ്ടതകള്‍ അനുഭവിക്കുന്ന വിഭാഗമാണ് ഉയിഗുര്‍ മുസ്ലീങ്ങളെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഉയിഗുര്‍ വംശജര്‍ക്കെതിരായി ചൈന സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ചൈനീസ് ഭരണകൂടം അവരുടെ സ്വതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും പോംപിയോ വിമര്‍ശിച്ചു. അമേരിക്ക ഏറ്റെടുത്ത് നടപ്പിലാക്കിയ റിലീജ്യസ് ഫ്രീഡം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പോംപിയോ.

റിലീജ്യസ് ഫ്രീഡം കോണ്‍ഫറന്‍സില്‍ നിന്ന് മറ്റ് രാജ്യങ്ങളെ പിന്തിപ്പിക്കാനുള്ള നടപടികളും ചൈന സ്വീകരിച്ചിരുന്നതായി പോംപിയോ കുറ്റപ്പെടുത്തി. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പോംപിയോ പറഞ്ഞു. ഉയിഗുര്‍ മുസ്ലിം വംശജര്‍ക്കെതിരായി ചൈനീസ് ഭരണകൂടം നടത്തുന്ന ക്രൂരതകള്‍ക്കെതിരെ 22 രാജ്യങ്ങള്‍ ഒപ്പുവെച്ച പ്രമേയം ഐക്യരാഷ്ട്ര സഭക്ക് കൈമാറിയേക്കും.

അതേസമയം രാജ്യത്ത് മതപരമായ വേര്‍തിരിവുകള്‍ ഇല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ലൂകാങ് അറിയിച്ചു. അമേരിക്ക ചൈനയിലെ മതപരമായ പോളിസികളെ കുറിച്ച് മനസിലാക്കാതെയാണ് കുറ്റപ്പെടുത്തലുകള്‍ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top