നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തിനെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്ത് വന്നത്. ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചിത്രത്തെക്കുറിച്ച് വാചാലനാകുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം കണ്ടതിനുശേഷമുള്ള തന്റെ അനുഭവം അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്.
ഒരു ഹിറ്റ് സിനിമയ്ക്കുണ്ടാക്കേണ്ട ഒരു ചേരുവകകളും ചിത്രത്തില്‍ ഇല്ല. എന്നാല്‍ പടം അവസാനിച്ചപ്പോള്‍ തിയറ്ററില്‍ ഉണ്ടായ കൈയ്യടി എന്നെ ഏറെ സന്തോഷിപ്പിച്ചു. എന്ന് പറഞ്ഞാണ് സത്യന്‍ അന്തിക്കാട് ചിത്രത്തെ കുറിച്ച് വാചാലാകുന്നത്. മനസ് നിറയുന്ന അനുഭവമായിരുന്നു ഉയരെ തനിക്ക് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബോബി സഞ്ജയ് ഇതിനു മുമ്പും ഒരുപാട് അതിശയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൈയ്യൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്’ഉയരെ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ അഭിനേതാക്കളെ അഭിനന്ദിക്കാനും പ്രശംസിക്കാനും സത്യന്‍ അന്തിക്കാട് മറന്നില്ല. പാര്‍വ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും ‘ഉയരെ’ക്ക് ഉയിരു നല്‍കിയവരാണ് എന്നാണ് അദ്ദേഹം കുറിച്ചത്.
രാജീവ് പിള്ളയോടൊപ്പം അസിസ്റ്റ്ന്റ് ഡയറക്ടറായി സിനിമാ രംഗത്തേയ്ക്ക് എത്തിയ മനു അശോകന്‍ മലയാള സിനിമയ്ക്ക് ഒരു വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
‘ഉയരെ’ കണ്ടു.
കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു.
കാരണങ്ങൾ രണ്ടാണ്..
ഒന്ന് ‘ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ ‘എസ് ക്യൂബ്സ്’ എന്ന പുതിയ നിർമ്മാതാക്കൾ കാണിച്ച ധൈര്യം.
ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം ‘ട്രാഫിക്’ പോലുള്ള സിനിമകളിൽ നമ്മൾ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’.
പാർവ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും ‘ഉയരെ’ക്ക് ഉയിരു നൽകിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം.
മലയാളത്തിൽ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണൻ, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.
എല്ലാവർക്കും എന്റെ സ്നേഹം.