തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ ഫോണ്‍ കെണിയില്‍പ്പെടുത്തി രാജിവയ്പ്പിച്ചത് ചാനല്‍ ഒരുക്കിയ കെണിയാണെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍.
ചാനലിന്റെ ഭാഗത്ത് നിന്നും മന്ത്രിക്കെതിരെ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. ജൂഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
ചാനലിന്റെ തെറ്റായ നടപടികളില്‍ ജനങ്ങള്‍ക്ക് രോഷമുണ്ട്. അതിന്റെ പ്രതിഫലനമാണ് ചൊവ്വാഴ്ച നടന്ന ഒരു ചര്‍ച്ചയില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും ചാനല്‍ മേധാവിക്ക് അനുഭവിക്കേണ്ടി വന്നത്. ചാനലിന്റെ നടപടി അഹങ്കാരവും ധിക്കാരവും നിറഞ്ഞതാണെന്നും എക്കാലത്തും ജനങ്ങളെ വിഡ്ഡികളാക്കാമെന്ന് അവര്‍ കരുതുന്നുവെങ്കില്‍ അതൊന്നും ഇനി വിലപ്പോവില്ലെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണം പൂര്‍ത്തിയായി ശശീന്ദ്രനെതിരേ നടന്നത് ഗൂഢാലോചനയാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ വീണ്ടും മന്ത്രിസ്ഥാനത്ത് നിയോഗിക്കും. പുതിയ മന്ത്രിയായി പാര്‍ട്ടി തീരുമാനിച്ച തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ എല്‍ഡിഎഫ് തീരുമാനം വന്നാല്‍ ഉടനെ തന്നെ ഉണ്ടാകും.
അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും കേരള സമൂഹത്തിന് മുന്നില്‍ ശശീന്ദ്രന്റെ നിരപരാധിത്വം തെളിയിക്കാനും പാര്‍ട്ടി ഒറ്റക്കെട്ടായി പിന്തുണ നല്‍കുമെന്നും ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കി.