‘അമ്മയോട് നന്ദി, മകനെ ഈ നാടിന് വിട്ടു തന്നതിന്’;ജന്മദിനാശംസകളുമായി ശ്രീകുമാര്‍ മേനോന്‍

ന്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍.ഫെയ്‌സ്ബുക്കിലൂടെയാണ് കേരളത്തിന്റെ ജനനായകന് ശ്രീകുമാര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

കൊമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്റെ ടീമും രണ്ടു വര്‍ഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസര്‍ച്ചിലാണെന്ന് പറഞ്ഞാണ് ശ്രീകുമാര്‍ പോസ്റ്റ് തുടങ്ങുന്നത്.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

കോമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്റെ ടീമും രണ്ടു വര്‍ഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസര്‍ച്ചിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭവതലത്തില്‍ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകള്‍ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവ, തിരുത്തപ്പെടേണ്ടതുണ്ട്.

പിണറായി ഗ്രാമത്തിലെ ഒരമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയന്‍. ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാര്‍ഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്റെ ശൈലി.

അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്… പിറന്നാള്‍ സലാം

വി എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ പിണറായി വിജയന്റെ ജീവചരിത്ര സിനിമ വരുമെന്ന തരത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിണറായി വിജയന്റെ രൂപസാദൃശ്യമുള്ള മേക്കോവറില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഒരു കണ്‍സെപ്റ്റ് പോസ്റ്ററാണ് അന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ദി കൊമ്രേഡ്’ എന്നായിരുന്നു പോസ്റ്ററില്‍ സിനിമയുടെ പേര്. എന്നാല്‍ ഇത് വളരെ മുന്‍പേ ആലോചിച്ച പ്രോജക്ട് ആണെന്നും കണ്‍സെപ്റ്റ് സ്‌കെച്ചുകള്‍ ആരോ പുറത്തുവിട്ടതാണെന്നുമായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം.

ഇപ്പോഴിതാ പിണറായി വിജയന്റെ എഴുപത്തിയഞ്ചാം ജന്മദിനമായ ഇന്നും അത്തരത്തില്‍ സൂചനകള്‍ നല്‍കിയാണ് വി എ ശ്രീകുമാര്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Top