കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതില്‍ വിമര്‍ശനവുമായി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതില്‍ വിമര്‍ശനവുമായി സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. വിമാനക്കമ്പനികളുടെ നടപടി ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് എയര്‍ഇന്ത്യ അധികൃതരോട് സംസാരിച്ചു. പരിശോധിക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. പ്രവാസികളെ ദ്രോഹിക്കുന്ന പ്രവണത എയര്‍ ഇന്ത്യക്കുണ്ട്. പ്രവാസികളോടും, ഹജ്ജ് തീര്‍ത്ഥാടകരോടുമുള്ള നയത്തില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തണമെന്നും മന്ത്രി വിമര്‍ശിച്ചു.

ഒരു യാത്രക്കാരന് 1.65 ലക്ഷം നിരക്കിലാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക്. അതേസമയം കൊച്ചിയിലും കണ്ണൂരിലും 86,000 രൂപ തോതിലാണ് സൗദി എയര്‍ലൈന്‍സ് ടെന്‍ഡര്‍ നല്‍കിയത്.കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവര്‍ വിമാന ടിക്കറ്റ് നിരക്കായി അധികം നല്‍കേണ്ടത് 79,000 രൂപയാണ്. കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരക്ക് കുറഞ്ഞപ്പോള്‍ കരിപ്പൂരില്‍ വിമാനക്കമ്പനി 45,000 രൂപയായി ഉയര്‍ത്തി. കഴിഞ്ഞ 18 ന് ആണ് വിമാനക്കമ്പനികളുടെ ടെന്‍ഡര്‍ തുറന്നത്. ഔദ്യോ?ഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം കൊച്ചിയിലും കണ്ണൂരിലും സൗദി എയര്‍ലൈന്‍സും കരിപ്പൂരില്‍ എയര്‍ ഇന്ത്യയുമാണ് കരാര്‍ നേടിയത്.

ഓപ്പറേറ്റിങ്ങ് ചാര്‍ജ് കൂടുതലാണെന്ന വിമാനക്കമ്പനികളുടെ വാദം ശരിയല്ല. ഇക്കാര്യം കേന്ദ്രമന്ത്രിമാരെയും അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ഹജ്ജ് തീര്‍ത്ഥാടനം നടക്കണമെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടകരെപോലും കൊള്ളയടിച്ചാല്‍ ജനം ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top