‘ഗുരുതര’ പരാമര്‍ശം വളച്ചൊടിച്ചുവെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി.സതീശന്‍.

ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുക, കേസെടുക്കുമെന്നു പറയുക, ആ നിഗമനങ്ങളിലേക്കെത്തിയ റിപ്പോര്‍ട്ട് ആരോപണവിധേയര്‍ക്കു നല്‍കാതിരിക്കുക. ഇത് അനീതിയാണ്’- എന്നാണു താന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ചാനലില്‍ വന്നപ്പോള്‍ സോളാര്‍ റിപ്പോര്‍ട്ട് ഗുരുതരമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു എന്നായി വാര്‍ത്ത- സതീശന്‍ പറയുന്നു.

കേരളത്തില്‍ മുമ്പ് ജുഡീഷല്‍ കമ്മിഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അതിന്റെ പ്രധാന ഭാഗങ്ങള്‍ പുറത്തു വിടാറുണ്ട്. അല്ലെങ്കില്‍ സര്‍ക്കാര്‍ പുറത്തുവിടും. ഇവിടെ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങളും എടുക്കാന്‍ പോകുന്ന നടപടികളും ഒരുമിച്ചു പ്രഖ്യാപിച്ചു. അതായത് റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ പുറത്തായി കഴിഞ്ഞു. ഇനി എന്ത് രഹസ്യസ്വഭാവമാണു റിപ്പോര്‍ട്ടിനുള്ളതെന്നും സതീശന്‍ ചോദിക്കുന്നു.

എഫ്ഐആര്‍ എടുത്താല്‍ ആരോപണ വിധേയരായവര്‍ക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി കിട്ടണം. ഈ റിപ്പോര്‍ട്ട് കൊടുക്കാതെ സര്‍ക്കാര്‍ പൂഴ്ത്തി വയ്ക്കുന്നത് അനീതിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞെന്ന രീതിയിലാണ് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Top