തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനമെന്ന നീക്കവുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവര്‍ണര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് മറുപടി ഇല്ലെന്നും ഗവര്‍ണറോട് ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കുത്തുകയാണ് സര്‍ക്കാരെന്നും മുരളീധരന്‍ പരിഹസിച്ചു.
വേറെ ഏതോ സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിനാണ് ? കര്‍ഷകന് ഹാനികരമായ ഒന്നും ബില്ലില്‍ ഇല്ല. ഹെലിപ്പാഡ് നിര്‍മിക്കാന്‍ കൃഷിഭൂമി നികത്തിയവരാണ് ഈ സര്‍ക്കാര്‍. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രത്യേക സഭാ സമ്മേളനം ചേരാന്‍ പോകുന്നത്. പണം ധൂര്‍ത്തടിക്കുകയാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും മുരളീധരന്‍ പ്രതികരിച്ചു.
കര്‍ഷകരുടെ പേരില്‍ ആശങ്ക സൃഷ്ടിക്കാന്‍ ശ്രമം കര്‍ഷക പ്രക്ഷോഭ വാര്‍ത്തകള്‍ കേരളത്തിലെ മാധ്യമ അജണ്ടയുടെ ഭാഗമാണ്. കര്‍ഷകന്റെ വിപണി ശക്തിയാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും പ്രതിപക്ഷം തയാറായില്ല. പകരം തെരുവില്‍ കലാപം ഉണ്ടാക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.