തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുടെ സ്വത്തു വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവിക്ക് ബിജെപി നേതാവ് വി.മുരളീധരന്റെ കത്ത്.
പിണറായി വിജയന്റെ മക്കളുടെ വിദേശപഠനം സംബന്ധിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.
രാഷ്ട്രീയ നേതാവ് മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ചൊരു തൊഴിലിലും ഏര്‍പ്പെടാതെയാണ് വിദേശത്ത് ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുത്തത്. മുഖ്യമന്ത്രിയുടെ മകന്‍ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ എംബിഎ പൂര്‍ത്തിയാക്കിയതിന്റെ വരുമാന സ്രോതസും വ്യക്തമാക്കണം.
കോടിയേരിയുടെ മകന്‍ വൈസ് പ്രസിഡന്റായിരുന്ന ഐടി കമ്പനിയുടെ മുന്‍ സിഇഒ ആയിരുന്ന പിണറായിയുടെ മകള്‍ സ്വന്തമായി ഐടി കമ്പനി നടത്തുന്നതു സംബന്ധിച്ചും അന്വേഷണം വേണമെന്നും കത്തില്‍ പറയുന്നു.
മന്ത്രി ഇ.പി.ജയരാജന്റെ മകന് വിദേശത്ത് വന്‍ ബിസിനസ് സംരംഭങ്ങളുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി.കെ.ശ്രീമതിയുടെ മകനും കോടിയേരിയുടെ മകനും ബിനാമിയെ വച്ച് നടത്തിയിരുന്ന മരുന്നുകമ്പനി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് മരുന്നുകള്‍ വിറ്റതായുള്ള പരാതിയും അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
ഇ-മെയില്‍ വഴിയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വി.മുരളീധരന്‍ പരാതി നല്‍കിയത്.
പരാതിയുടെ പൂര്‍ണ്ണരൂപം മുരളീധരന്‍ ഫേസ്ബുക്കിലുടെ പങ്ക് വെച്ചിട്ടുണ്ട്.