മലപ്പുറം: മുഖ്യമന്ത്രിയുടെയും സംഘപരിവാറിന്റെയും ഇടനിലക്കാരനാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ഇടപാട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുഴല്‍പ്പണ കേസില്‍ നിന്നും ഒഴിവാക്കിയത് ഈ ബന്ധം മൂലമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
എക്സാലോജിക്കില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും കൊടുക്കേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ടെന്നുമുള്ള എ കെ ബാലന്റെ പ്രതികരണത്തെ വി ഡി സതീശന്‍ തള്ളി. ഇടപാടുകളെക്കുറിച്ച് എ കെ ബാലന് എന്ത് അറിയാം?. സിഎംആര്‍എല്ലിനും എക്സാലോജിക്കിനും ഹാജരാക്കാന്‍ പറ്റാത്ത രേഖകള്‍ എ കെ ബാലന്‍ ഹാജരാക്കട്ടെ. രേഖകള്‍ ബാലന്‍ ഹാജരാക്കിയാല്‍ ആരോപണങ്ങള്‍ പിന്‍വലിക്കാം. ഈ കേസില്‍ സിബിഐ വന്നാല്‍ കോണ്‍ഗ്രസിന് ഉണ്ടാകുന്ന ക്ഷീണം ഓര്‍ത്ത് എംവി ഗോവിന്ദന്‍ ടെന്‍ഷന്‍ അടിക്കേണ്ടതില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
മോദിക്ക് മുന്നില്‍ പിണറായി വിജയന്‍ കൈകൂപ്പി നിന്നതില്‍ നിന്നും ഇതെല്ലാം വ്യക്തമാണ്. സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. അല്ലെങ്കില്‍ സിഎംആര്‍എല്‍ എക്സാലോജക്കിന് പണം കൊടുക്കേണ്ടതില്ലല്ലോ. കേന്ദ്രം എന്ത് കൊണ്ട് സി ബി ഐ അന്വേഷണത്തിലേക്ക് പോകുന്നില്ലെന്നത് പ്രധാനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.