തിരുവനന്തപുരം: ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും നിയമനിര്‍മാണത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിഞ്ഞുകൂടെയെന്നും മുരളീധരന്‍ ചോദിച്ചു.
കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത് ജനങ്ങള്‍ക്ക് അറിയാം. തെരഞ്ഞെടുപ്പായപ്പോള്‍ മന്ത്രി കടകം മറിഞ്ഞതാണ്. കടകംപള്ളി പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ സംസ്ഥാന ബിജെപി നേതൃത്വവും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും തെറ്റിദ്ധരിപ്പിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. 2019ല്‍ പ്രധാനമന്ത്രി ശബരിമലയില്‍ ആചാരസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് തിരുവനന്തപുരത്ത് വച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടുവന്നിട്ടും ശബരിമലയില്‍ മാത്രം നിയമനിര്‍മാണം നടന്നില്ല. സുപ്രിംകോടതി വിധി എല്ലാവരുമായി ചര്‍ച്ച ചെയ്തേ തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.