തുഷാറിനെതിരായ ആരോപണം അസംബന്ധം: വി മുരളീധരൻ

തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളിക്കെതിരായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തിയ ആരോപണം തീർത്തും അസംബന്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പുറത്തുവന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും അറസ്റ്റ് ചെയ്ത ആളുകൾ കെസിആറിന്റെ ആളുകളാണെന്നും വി മുരളീധരൻ പറഞ്ഞു. തെലങ്കാനയിൽ നാല് എംഎൽഎമാരെ സ്വാധിനിച്ചാൽ ഭരണം മാറുമോ?. പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണ്ടെയെന്നും മുരളീധരൻ ചോദിച്ചു.

സംസ്ഥാന ഭരണം അട്ടിമറിക്കാൻ ടിആർഎസ് എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാൻ തുഷാർ ശ്രമിച്ചെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം. ഇതിനായി ടിആർഎസ് നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും ചന്ദ്രശേഖര റാവു ആരോപിച്ചു. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറെ അപമാനിക്കുന്നത് ഇനിയെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് മുരളീധരൻ പറഞ്ഞു. ഗവർണറുടെ നിലപാട് ശരിയാണെന്നാണ് കോടതിയടക്കം പറഞ്ഞത്. പാർട്ടി താത്പര്യത്തിനായി സിപിഎം സർവകലാശാലകളെ ദുരുപയോഗം ചെയ്യുകയാണെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Top