രാഷ്ട്രപതിയെ ആദരിക്കാനാവില്ലെന്ന് കത്തുകൊടുത്ത കേരള സര്‍വകലാശാല വിസി നാടിന് അപമാനമാണെന്ന് വി മുരളീധരന്‍

കോഴിക്കോട്: ഇന്ത്യയുടെ രാഷ്ട്രപതിയെ ആദരിക്കാനാവില്ലെന്ന് കത്തുകൊടുത്ത കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഏത് രാഷ്ട്രീയ യജമാനന്റെ മനസാണ് വി സി വെള്ളക്കടലാസില്‍ കോറിയിട്ടതെന്ന് മുരളീധരന്‍ ചോദിച്ചു.

ദളിത് കുടുംബത്തില്‍ ജനിച്ചതാണോ രാംനാഥ് കോവിന്ദിന് മഹാദേവന്‍ പിള്ള കാണുന്ന അയോഗ്യത. സിന്‍ഡിക്കേറ്റ് അംഗങ്ങളോട് ഫോണില്‍ വിളിച്ച് അഭിപ്രായം തേടുന്നത് ഏത് ചട്ടപ്രകാരമാണെന്നും മഹാദേവന്‍ പിള്ള വ്യക്തമാക്കണം. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ കടലാസില്‍ കുത്തിക്കുറിച്ച് കത്തുനല്‍കാന്‍ ഇദ്ദേഹത്തിന് ആരാണ് അധികാരം നല്‍കിയത്.

ഞാനൊന്നുമറിഞ്ഞില്ലേ എന്ന തട്ടിപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി അവസാനിപ്പിക്കണമെന്നും മുരളീധരന്‍ വിമര്‍ശിച്ചു. റോളൊന്നുമില്ലെങ്കില്‍ ഈ വി സിയെ പുറത്താക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഒരു കത്തെഴുതാന്‍ ശ്രീമതി ബിന്ദു തയ്യാറാകണം.

ഇന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കുഴലൂത്തുനടത്തുകയാണ് വി ഡി സതീശന്‍ ചെയ്യുന്നതെന്ന് പറഞ്ഞ വി മുരളീധരന്‍ വൈസ് ചാന്‍സലറെ വിളിച്ചുവരുത്താനും വാക്കാല്‍ ശുപാര്‍ശ ചെയ്യാനുമുള്ള അധികാരം ചാന്‍സലര്‍ക്കുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

 

Top