ബ്രഹ്മപുരം ദുരന്തത്തിൽ പിണറായിയുടെ മൗനം ദുരൂഹ: വി മുരളീധരൻ

തിരുവനന്തപുരം:ബ്രഹ്മപുരം ദുരന്തത്തിൽ പിണറായി വിജയൻ്റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനം പ്രാണവായുവിനായി പരക്കം പായുമ്പോൾ കേരളത്തിൻറെ മുഖ്യമന്ത്രി എവിടെയാണ് എന്നും കേന്ദ്രമന്ത്രി ചോദിച്ചു.മാലിന്യസംസ്ക്കരണത്തിൽപ്പോലും ബന്ധുനിയമനം നടത്തി വിളിച്ച് വരുത്തിയ ദുരന്തമാണ് കൊച്ചിയിൽ കാണുന്നത്. വൈക്കം വിശ്വൻറെ കുടുംബത്തിൻറെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാർ നൽകാൻ മുൻകയ്യെടുത്തത് പിണറായി വിജയനാമെന്നും അദ്ദേഹം ആരോപിച്ചു.

ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധർ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തണമായിരുന്നു. ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കിൽ കൊതുകുവരുമെന്ന് കോവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച വ്യക്തിയാണ് പിണറായി വിജയൻ. അദ്ദേഹം എവിടെപ്പോയി എന്ന് മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തട്ടെ. രണ്ടു ദിവസം കൊണ്ട് തീ കെടുത്തും എന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയിൽ ഒളിച്ചു. മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് അഴിമതിയുടെ മാലിന്യം കവർന്നെടുക്കുന്നത് എന്നും വി.മുരളീധരൻ പറഞ്ഞു. ആമസോൺ കാടുകളിലെ തീപിടുത്തത്തിനെതിരെ ഡൽഹിയൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കൾ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top