തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജി വെച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തില്‍ ഇതുവരെ ഒരു അക്ഷരം പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
‘സത്യപ്രതിജ്ഞാ ലംഘനം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പപ്പെട്ടിട്ടുള്ള ഒരു കേസാണിത്. ഈ കേസില്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയത് കെടി ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ അംഗീകരിച്ചതിനു ശേഷമാണ് നിയമനം നടന്നത് എന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അഴിമതിയോട് അസഹിഷ്ണുത എന്നുള്ള പ്രഖ്യാപനം ഇപ്പോഴും സര്‍ക്കാരിന്റെ നയമാണോ എന്ന് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
ഇപ്പോള്‍ ഈ സംഭവങ്ങളൊക്കെ കഴിഞ്ഞതിനു ശേഷം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ നിവൃത്തികേടു കൊണ്ട് കസേരയിലെ പിടി വിടുകയാണ് ഉണ്ടായത്. ഇപ്പോള്‍ മാധ്യമ വേട്ടയും ഇരവാദവുമൊക്കെ ഉയര്‍ത്തിയാണ് ജലീല്‍ സഹതാപം പിടുച്ചുപറ്റാന്‍ ശ്രമിക്കുന്നത്.”- മുരളീധരന്‍ വ്യക്തമാക്കി.
‘ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ആയതിനാല്‍ ജലീല്‍ മാത്രം രാജിവെക്കുന്നത് എന്ത് ധാര്‍മികതയാണ്? ധാര്‍മികതയുടെ കാര്യത്തിലാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമായിരുന്നു. ഈ രാജി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു നീക്കമാണ്. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമാവില്ല. മുഖ്യമന്ത്രി കൂടി രാജി വെച്ചാലേ ലോകായുക്ത നടത്തിയ പരാമര്‍ശത്തിന്റെ ശരിയായ അര്‍ത്ഥത്തില്‍ അതിനു പരിഹാരം ഉണ്ടാവൂ.”- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.