കോഴിക്കോട്: യുഎപിഎ കേസ് കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎ ഏല്‍പിച്ചത് സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണെന്ന സിപിഎം വാദത്തെ തള്ളി കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരള പൊലീസ് യുഎപിഎ ചുമത്തിയ കേസില്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് എന്‍ഐഎ ഏറ്റെടുത്തതെന്നാണ് മുരളീധരന്റെ വിശദീകരണം.
എന്‍ഐഎ ഈ കേസ് ഏറ്റെടുത്ത് ദിവസങ്ങള്‍ ഏറെ കഴിഞ്ഞു. എന്നിട്ട് ഇന്നലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കിയത് എന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. മാത്രമല്ല കേസ് എന്‍ഐഎ ഏറ്റെടുത്തെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കേരള പൊലീസിനും സംസ്ഥാന സര്‍ക്കാറിനുമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎപിഎ കേസില്‍ അറസ്റ്റിലായ യുവാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ തള്ളിപ്പറഞ്ഞിരുന്നു. യുഎപിഎ കേസുകളുടെ സ്ഥിതിവിവരങ്ങള്‍ അതാത് സംസ്ഥാന ആഭ്യന്തരവകുപ്പുകള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാറുണ്ട്. ഗൗരവസ്വഭാവം കണക്കിലെടുത്താണ് എന്‍ഐഎ കേസ് ഏറ്റെടുക്കല്‍. മാത്രമല്ല മുഖ്യമന്ത്രി ഇതുവരേയും എന്‍ഐഐ കേസ് ഏറ്റെടുത്തതില്‍ പ്രതികരിച്ചിട്ടില്ല.
അതിനിടെ കേസ് എന്‍ഐഎക്ക് കൈമാറിയതില്‍ നിന്നും പിണറായി വിജയന് കൈകഴുകാനാകില്ലെന്ന് പ്രതിപക്ഷനേതാവും വിമര്‍ശിച്ചു. സിപിഎമ്മിന്റേത് മുതലകണ്ണീരാണെന്നും അമിത്ഷാക്ക് മുന്നില്‍ നല്ല കുട്ടിയാകാനാണ് പിണറായിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.