ന്യൂഡല്‍ഹി: കഴിഞ്ഞ മോദി സര്‍ക്കാരിലെ ഏറ്റവും ജനപ്രിയരായ മന്ത്രിമാരില്‍ ഒരാളായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം തന്നെയാണ് അവര്‍ കാഴ്ചവെച്ചത്. ട്വിറ്ററിലൂടെയുള്ള സഹായാഭ്യര്‍ഥനകള്‍ക്ക് അടിയന്തര പരിഗണനയും സുഷമ നല്‍കിയിരുന്നു. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി രണ്ടാം മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന് അവര്‍ അറിയിച്ചതോടെ ആശങ്കപ്പെട്ടിരുന്നവര്‍ക്ക് ആശ്വാസമാകുകയാണ് സഹമന്ത്രിയായ വി. മുരളീധരന്‍. സുഷമയുടെ അതേ പാത തന്നെയാണ് മുരളീധരനും പിന്തുടരുന്നത്. ട്വിറ്ററിലടക്കം സഹായമഭ്യര്‍ഥിക്കുന്നവര്‍ക്ക് ഉടനടി ആശ്വാസമെത്തിക്കുകയാണ് അദ്ദേഹം.
ആറുമാസമായി ദുബായിയില്‍ തൊഴിലും പാസ്പോര്‍ട്ടുമില്ലാതെ കുടുങ്ങിക്കിടക്കുന്നതിന്റെ കഷ്ടപ്പാടും ദുരിതവും പി.ജി.രാജേഷ് എന്ന യുവാവ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ജുമൈറയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു തൃശ്ശൂര്‍ സ്വദേശി രാജേഷ്. എന്നാല്‍ പിന്നീട് കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയതോടെ ശമ്പളം ജോലിയും ഇല്ലാതാവുകയായിരുന്നു. കുടിശ്ശിക വന്ന ശമ്പളം നല്‍കാന്‍ തയ്യാറാകാത്ത കമ്പനി അധികൃതര്‍ പാസ്പോര്‍ട്ട് പിടിച്ചു വയ്ക്കുകയും ചെയ്തു. കയ്യില്‍ പണമില്ലാതെ കൂട്ടുകാരുടെ കാരുണ്യത്തില്‍ കഴിഞ്ഞു വരികയായിരുന്ന രാജേഷ് തന്റെ അവസ്ഥ വിവരിച്ച് ഫോണ്‍ നമ്പറും നല്‍കി ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ വി.മുരളീധരന്‍ സംഭവത്തിലിടപെടുകയും തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ രാജേഷിന്റെ വിഷമം പങ്കുവെക്കുകയും ചെയ്തു. രാജേഷിന് അടിയന്തിര സഹായം നല്‍കാന്‍ ട്വിറ്ററിലൂടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും ഇന്ത്യന്‍ എംബസിക്കും നിര്‍ദ്ദേശം നല്‍കി. ഇതിനു പിന്നാലെ പത്തോളം ജോലി വാഗ്ദാനങ്ങളാണു രാജേഷിനെ തേടിയെത്തിയത്. സഹായ വാഗ്ദാനവുമായി ഒരാള്‍ രാജേഷിന്റെ താമസസ്ഥലത്ത് നേരിട്ടെത്തുകയും ചെയ്തു. ഈ ജോലി സ്വീകരിക്കാന്‍ ഉള്ള ഒരുക്കത്തിലാണിപ്പോള്‍ രാജേഷ്.
‘കഴിഞ്ഞ ആറു മാസമായി ദുബായില്‍ ശമ്പളമില്ലാതെ കഷ്ടപ്പെടുകയാണ്. നാല് മാസമായി മുറിയില്‍ വൈദ്യുതി പോലുമില്ല. എന്റെ കയ്യില്‍ പാസ്പോര്‍ട്ടില്ല. എനിക്ക് ഇന്ത്യയിലേക്ക് മടങ്ങണം. ആരെങ്കിലും സഹായിക്കണം. ഈ ട്വീറ്റിനോട് ആരെങ്കിലും ഒന്നു പ്രതികരിക്കണേ.. അപേക്ഷയാണ്..’ ഫോണ്‍ നമ്പറും പങ്കുവച്ച് രാജേഷ് കുറിച്ചു. പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് വിദേശത്തു മരിച്ച വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള മുരളീധരന്റെ പോസ്റ്റിന്റെ താഴെ രാജേഷ് ട്വീറ്റ് ചെയ്തു. രാജേഷിന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടാണ് കേന്ദ്രമന്ത്രി ഇതില്‍ ഇടപെടുന്നത്.
അതിനിടെ, ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ഡാന്‍സ് ബാറിലെത്തിച്ച കോയമ്പത്തൂര്‍ സ്വദേശികളായ നാല് പെണ്‍കുട്ടികളെയും രക്ഷപെടുത്തി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നിര്‍ദേശപ്രകാരം, ഇന്ത്യന്‍ കോണ്‍സുലേറ്റാണ് അടിയന്തരനടപടി കൈക്കൊണ്ടത്. ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്കെന്ന പേരിലാണ് ഒരു കമ്പനി കോയമ്പത്തൂര്‍ സ്വദേശികളായ അഞ്ചു പെണ്‍കുട്ടികളെ ഇന്റര്‍വ്യൂവിനു വിധേയരാക്കിയത്. ഒരു കുട്ടിയെ ഒഴിവാക്കി നാലു പേരെ ദുബായിലേക്ക് അയച്ചു. ദുബായിലെത്തിയ ഇവരെ കൊണ്ടുപോയതു ഡാന്‍സ് ബാറിലേക്കായിരുന്നു. മുറിയില്‍ അടച്ചിട്ട ഇവരെ ബാറില്‍ നൃത്തം ചെയ്യാന്‍ നടത്തിപ്പുകാര്‍ നിര്‍ബന്ധിപ്പിച്ചു.
Acting on an alert, with the help of local authorities @cgidubai has rescued four young Indian female workers belonging to Tamil Nadu today. They were duped and detained illegally by their employer in Dubai.@narendramodi @PMOIndia @AmitShah @DrSJaishankar @VMBJP @MEAIndia
— V. Muraleedharan (@MOS_MEA) June 27, 2019
തട്ടിപ്പില്‍ അകപ്പെട്ടുവെന്നു മനസിലായ പെണ്‍കുട്ടികള്‍ നാട്ടിലെ ബന്ധുവിനയച്ച മൊബൈല്‍ സന്ദേശം, കേരളത്തിലെ ബിജെപി പ്രവര്‍ത്തകനായ ജി.കാശിനാഥന്‍ വഴിയാണ് മുരളീധരന്‍ അറിഞ്ഞത്. ഇദ്ദേഹം വി. മുരളീധരന്റെ വാട്‌സ് ആപ്പ് നമ്പറിലേക്കു വിവരങ്ങള്‍ നല്‍കി മണിക്കൂറുകള്‍ക്കകം നടപടിയെടുക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നിര്‍ദേശം ലഭിച്ചു. കോണ്‍സുലേറ്റ് അധികൃതര്‍ ദുബായ് പൊലീസിന്റെ സഹായത്തോടെ ഡാന്‍സ് ബാറില്‍ റെയ്ഡ് നടത്തിയാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചത്. കോണ്‍സുലേറ്റ് അധികൃതരുടെ സംരക്ഷണയില്‍ വിമാനത്താവളത്തിലെത്തിച്ചാണ് പെണ്‍കുട്ടികളെ കോയമ്പത്തൂരിലേക്കു കൊണ്ടുവന്നത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സംഭവം വിശദീകരിച്ചുകൊണ്ട് വി.മുരളീധരന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.