തിരുവനന്തപുരം: ശബരിമല വിഷയത്തെ തുടര്‍ന്ന് ബിജെപി സെക്രട്ടേറിയേറ്റ് നടയില്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിക്കുന്ന പരിപാടിയില്‍ വി.മുരളീധരന്‍ എംപിയും ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും പങ്കെടുക്കാതിരുന്നത് ചര്‍ച്ചയാകുന്നു.
മറ്റു പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങിലാണ് വി. മുരളീധരനും കെ.സുരേന്ദ്രനും പങ്കെടുക്കാതിരുന്നത്. കര്‍മസമിതിയുടെ പ്രതിഷേധത്തിലേക്ക് ശബരിമല സമരം കേന്ദ്രീകരിച്ചതും സമരത്തിനോടു മുരളീധര പക്ഷത്തിനു താല്‍പര്യമില്ലാത്തതും സെക്രട്ടറിയേറ്റ് സമരത്തിനു തിരിച്ചടിയായിരുന്നു. ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ അറസ്റ്റിലായതും, ഈ സമയത്ത് സംസ്ഥാന ഘടകമെടുത്ത നിലപാടിലും മുരളീധര പക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ശബരിമല വിഷയത്തില്‍ സമരം നടത്തിയത് ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞത്.
സമരം വിജയമായിരുന്നെന്നും പോരാട്ടം തുടരുമെന്നും ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
ശബരിമല സമരം പൂര്‍ണമായും വിജയിച്ചെന്നാണ് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചത്. കേരളം ഇതുവരെ ഇത്തരമൊരു സമരം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വിശ്വാസികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം ചേര്‍ന്ന് സമരം തുടരുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.