‘എംടിയെ അഭിനന്ദിക്കാൻ തോന്നുന്നു, ഇപിയും കൂട്ടരും മുഖ്യമന്ത്രിയെ ട്രോളുകയാണ്’; വി മുരളീധരൻ

തിരുവനന്തപുരം : വ്യക്തിപൂജയ്ക്ക് എതിരായ വിമർശനത്തിൽ എംടിയെ അഭിനന്ദിക്കാൻ തോന്നുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എം ടി യുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇപി ജയരാജനും കൂട്ടരും മുഖ്യമന്ത്രിയെ ട്രോളുകയാണ് ചെയ്യുന്നത്. എംടി വാസുദേവൻ നായർ മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തിയാണ് കാര്യങ്ങൾ പറഞ്ഞത്. പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ല. എംടി പറഞ്ഞത് കൊണ്ട് ഫലം ഉണ്ടാവും എന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ ജനങ്ങളിൽ പ്രതീക്ഷ വളർത്തുന്നുണ്ടെന്ന് വി മുരളീധരൻ പറഞ്ഞു. മോദിയുടെ അടുത്ത കേരള സന്ദർശനം ഗംഭീരമാകും. കേരളത്തിന്റെ വികസനം രാജ്യത്തിനൊപ്പം നീങ്ങുമെന്ന് പ്രതീക്ഷയാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകുന്നത്. പ്രൊഫ ടിജെ ജോസഫിന്റെ കൈവെട്ട് കേസിൽ അറസ്റ്റിലായ സവാദ് ഒളിച്ചിരുന്നത് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലാണ്. കേരളം ഭീകരവാദികളുടെ താവളമായി മാറുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട സാഹിത്യോല്‍സവ വേദിയില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ നീറിപ്പുകഞ്ഞിരിക്കുകയാണ് കേരളം. കേരളത്തെക്കൂടി മുന്നില്‍ കണ്ടാണ് എംടി പറഞ്ഞതെന്ന് എംടിയുടെ സുഹൃത്തും നിരൂപകനും സാഹിത്യോത്സവത്തിൽ മോഡറേറ്ററുമായ എന്‍ഇ സുധീര്‍ പറ‍ഞ്ഞു. എംടി പറഞ്ഞതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പു കൂടി ഉണ്ടെന്നും വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കൾ തന്നെ അത് പാടില്ലെന്ന് അണികളോട് പറയാന്‍ തയ്യാറാകണമെന്നും കവി സച്ചിതാനന്ദന്‍ അഭിപ്രായപ്പട്ടു. അതേസമയം, എംടി പറഞ്ഞത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെ കുറിച്ചാണെന്നായിരുന്നു സിപിഎം സഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പ്രതികരണം.

Top