തിരുവനന്തപുരം: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കശാപ്പ് നിരോധന ഉത്തരവിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദൻ.
കന്നുകാലികളുടെ വിൽപനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് വിഎസ് പറഞ്ഞു.
സ്വാധികാരപ്രമത്തരായ ഭ്രാന്തൻ ഗോസംരക്ഷകരുടെ കാൽക്കീഴിൽ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെക്കുന്നത് എന്ത് വിലകൊടുത്തും ചെറുക്കുകതന്നെ വേണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കന്നുകാലികളുടെ തുകലുകൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസാമിമാരുടെ മാത്രം പ്രതിനിധിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. അദ്ദേഹം ഒരു ഹിന്ദു രാഷ്ട്രത്തിലെ രാജാവുമല്ല. ഇക്കാര്യം മനസിലാക്കി ഈ വിജ്ഞാപനം പിൻവലിക്കാൻ പ്രധാനമന്ത്രി തയാറാവണം- വിഎസ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈകടത്തുന്നു എന്നതു മാത്രമല്ല, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെപ്പോലും ധ്വംസിക്കുംവിധം ഏകാധിപത്യപരമായ വിജ്ഞാപനങ്ങളിറക്കിക്കൊണ്ട് ഇന്ത്യയുടെ നാനാത്വത്തെയും വൈവിധ്യപൂർണതയെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.