തിരുവനന്തപുരം: ‘കടുംവെട്ട് മന്ത്രിസഭാ തീരുമാനങ്ങളുടെ ഉത്തരവാദികള്‍ മന്ത്രിസഭയും മന്ത്രിമാരും’ ആണെന്ന ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയുള്ള അതിരൂക്ഷമായ വിമര്‍ശനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പുകള്‍ സീലിംഗ് ലിമിറ്റില്‍ കൂടുതല്‍ ഭൂമി വാങ്ങി കൈവശം വച്ചത്, ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് ഒഴിവാക്കി കൊടുക്കുന്നതിന്റെ ഗൂഢാലോചന ആറുമാസം മുമ്പേ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതിനു തെളിവാണ് കഴിഞ്ഞ ആഗസ്റ്റ് 22ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ഇറക്കിയിട്ടുള്ള ഉത്തരവുകളിലാകട്ടെ പാലിക്കേണ്ട ഒരു നിബന്ധനയും പാലിച്ചിട്ടില്ല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊച്ചി മണീട് വില്ലേജില്‍ ഇന്‍സെറ്റ് മീഡിയാ സിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ 26.81 ഏക്കര്‍ ഭൂമിക്ക് ഭൂപരിഷ്‌കരണ നിയമത്തിന്റെ 81 (3) ബി പ്രകാരം ഇളവ് നല്‍കിയിരിക്കുന്നത്.
മണീട് വില്ലേജിലെ ഏതു സര്‍വ്വേ നമ്പറിലെ ഭൂമിയാണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല, ഈ വകുപ്പു പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമില്ല. ഇത്തരത്തിലുള്ള നൂറുകണക്കിന് ഉത്തരവുകളാണ് റവന്യൂു വകുപ്പില്‍ നിന്നുമാത്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവുകള്‍ ഒരു കാരണവശാലും നടപ്പാക്കാന്‍ ശ്രമിക്കരുത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കുമെന്നും വി.എസ് അറിയിച്ചു