പാലക്കാട്: ജല ചൂഷണം നടത്തുന്ന പാലക്കാട്ടെ പെപ്‌സി കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് വി എസ് അച്യുതാനന്ദന്‍.
ജലമൂറ്റല്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. വെള്ളമെടുക്കാന്‍ പെപ്‌സിക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു.
ഇതിനിടയില്‍ അനുവദനീയമായതിന്റെ ഇരട്ടിവെള്ളം ദിവസവും ഊറ്റുന്നുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചതായാണ് സൂചന. ഇത്രയും വെള്ളം പെപ്‌സി സമാഹരിക്കുന്നതിനെപ്പറ്റിയുള്ള വിശദ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കാന്‍ ഭൂജല വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിയന്ത്രണ നടപടിക്ക് മുന്നോടിയായാണിത്.
എണ്ണായിരത്തിലേറെ ഹെക്ടര്‍ നെല്‍കൃഷി പാലക്കാട് ജില്ലയില്‍ മാത്രം ഉണങ്ങിയ സാഹചര്യത്തില്‍ ഹൈക്കോടതി അനുവദിച്ചതിനേക്കാള്‍ ഇരട്ടിവെള്ളം പെപ്‌സി ദിവസവും ഊറ്റിയെടുക്കുന്നത് അനുവദിക്കരുതെന്ന് ഗ്രാമപഞ്ചായത്ത് സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വരള്‍ച്ച അവലോകനത്തിന് വെള്ളിയാഴ്ച പാലക്കാട്ടത്തെിയ മന്ത്രി എ.കെ. ബാലന്‍ ഭൂജല വകുപ്പ് ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.
സംസ്ഥാനത്ത് ഭൂജലം ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണമുള്ള ബ്‌ളോക്കുകളില്‍ ഒന്നാണ് മലമ്പുഴ. ഇതിന്റെ പരിധിയിലാണ് പെപ്‌സി സ്ഥിതി ചെയ്യുന്ന പുതുശ്ശേരി പഞ്ചായത്തുള്‍പ്പെടുന്നത്.
പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ മാത്രം അനുമതി നല്‍കിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത കമ്പനിക്കാര്‍ വെള്ളത്തിന്റെ അളവ് ആറര ലക്ഷം ലിറ്ററായി ഉത്തരവ് സമ്പാദിക്കുകയായിരുന്നു. ഇത് നിലനില്‍ക്കെയാണ് പത്ത് ലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം ഉപയോഗിക്കുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടത്. പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതി പെപ്‌സിക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, ഒരു പ്രയോജനവുമുണ്ടായില്ല. 20 ലക്ഷം ലിറ്റര്‍ വരെ വെള്ളം ഊറ്റിയെടുക്കാനുള്ള സജ്ജീകരണങ്ങള്‍ പെപ്‌സി കോമ്പൗണ്ടില്‍ ഉണ്ടെന്നാണ് ഭരണസമിതി വിലയിരുത്തല്‍. ഈ സജ്ജീകരണങ്ങളെക്കുറിച്ചും കുഴല്‍കിണറുകളുടെ എണ്ണം, നിയമവിധേയമായത് എത്ര, മോട്ടോറുകളുടെ എണ്ണം എന്നിവയെപ്പറ്റിയും വിശദറിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.