തിരുവനന്തപുരം:മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്ക് വച്ച് നിന്നു പോയതിന്റെ കാരണങ്ങള്‍ പുനപരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. കനത്ത മഴ തന്നെയാണ് കേരളത്തില്‍ ഉണ്ടായത്. എന്നാല്‍ കുന്നിടിച്ചിലും കയ്യേറ്റവുമാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. നമ്മുടെ നയരൂപീകരണത്തിലാണ് പിഴവ് സംഭവിച്ചത്. നിരവധി സങ്കുചിത താല്‍പര്യങ്ങളുടെ സമ്മര്‍ദ്ദത്തിലാണ് ഇത് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെ അതിര്‍ വരമ്പുകള്‍ നിര്‍ണ്ണയിക്കേണ്ട സമയമാണിത്. അനധികൃതവും അശാസ്ത്രീയവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ശുഷ്‌കാന്തി ദുരന്തങ്ങളെ ഒഴിവാക്കാനും കാണിക്കണമെന്നും വിഎസ് പറഞ്ഞു.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മഴ തോര്‍ന്നാലും മരം പെയ്യുമെന്ന് പറയുന്നത് പോലെ ദുരന്തങ്ങള്‍ അവസാനിച്ചിട്ടില്ല. എന്നാല്‍ ഇതിനെ കേരള ജനത ഒറ്റ മനസ്സായി നേരിടുകയണ്. സംഘപരിവാര്‍ രാഷട്രീയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത് വേട്ടയാടുമ്പോള്‍ മറുവശത്ത് പ്രകൃതിയാണ് ദുരന്തമായി പെയ്തിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭരണകൂട ഭീകരത അറസ്റ്റ് ചെയ്തത്. ജനങ്ങളോട് സംസാരിച്ചു എന്നതാണ് ഇവര്‍ ചെയ്ത കുറ്റം. അതിന്റെ തന്നെ മറുവശമാണ് പ്രളയത്തില്‍ പെട്ടവരുടെ അതിജീവന മാര്‍ഗ്ഗങ്ങള്‍ അടക്കാന്‍ നടത്തുന്ന ശ്രമം. ദേശീയ തലത്തില്‍ മാത്രമല്ല, അന്തര്‍ ദേശീയ തലത്തിലും വലിയ തോതിലുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നു വരുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇതിന് വിഘാതമെന്നും വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.