വനിതാമതിലിന്റെ ‘ബലം’ ഉറപ്പുവരുത്താൻ സി.പി.എം വളണ്ടിയർമാർ രംഗത്തിറങ്ങും

നിതാ മതിൽ സർക്കാറിന്റെയും ഇടതുപക്ഷത്തിന്റെയും അഭിമാന പ്രശ്നമായി മാറിയതോടെ സടകുടഞ്ഞെഴുന്നേറ്റ് സി.പി.എം.

സർക്കാറിന്റെയും മറ്റു ചില സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വനിതാ മതിൽ നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും മതിൽ പൊളിയാതിരിക്കണമെങ്കിൽ സി.പി.എം പ്രവർത്തകർ തന്നെ ഇറങ്ങണമെന്ന അവസ്ഥയാണ് നിലവിൽ.

സി.പി.എം വർഗ്ഗ ബഹുജന സംഘടനകളായ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, സി.ഐടിയു, എൻ.ജി.ഒ യൂണിയൻ തുടങ്ങിയവയും കെ.എസ്.ടി.എ അടക്കമുള്ള അദ്ധ്യാപക സംഘടനകളും വിവിധ ട്രേഡ് യൂണിയൻ സംഘടനകളും താഴെ തട്ടു മുതൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കുടുംബശ്രീ പ്രവർത്തകരും വനിതകളെ പുതുവത്സരദിനത്തിൽ രംഗത്തിറക്കാൻ സജീവമായി രംഗത്തുണ്ട്.

അതേ സമയം ശബരിമലയിൽ യുവതികളെ കയറ്റുന്നതിനു വേണ്ടിയുള്ള ചവിട്ടുപടിയാണ് ഈ മത്തിലെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തിറങ്ങിയതോടെ ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പൊലീസ്.വനിതാ മതിൽ വിജയിച്ചാൽ അത് ഭരണപക്ഷത്തിന് രാഷ്ട്രീയമായി വലിയ നേട്ടമാകുമെന്നതിനാൽ എങ്ങനെയും പൊളിക്കുക എന്നതാണ് പ്രതിപക്ഷ തന്ത്രം. ഇക്കാര്യത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒരേ നിലപാടാണ് ഉള്ളത്.

vanitha-mathil

വനിതാ മതിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീ- പുരുഷ സമത്വം ഉയർത്തി പിടിക്കാനും ആണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ വനിതാ മതിലിന് മുൻപായി സംസ്ഥാന വ്യാപകമായി അയ്യപ്പ ജ്യോതി തെളിയിച്ച് മറുപടി നൽകാനുള്ള നീക്കത്തിലാണ് സംഘ പരിവാർ സംഘടനകൾ. ഈ പരിപാടിക്ക് വിവിധ അയ്യപ്പ സംഘടനകളും എൻ.എസ്.എസും ഇതിനകം തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

രണ്ടു വിഭാഗവും ശക്തമായ പ്രചരണങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.എം തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.

മുൻപ് നിരവധി തവണ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐ ഒറ്റക്ക് മനുഷ്യചങ്ങലയും മനുഷ്യമതിലും തീർത്ത അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തിയാണ് സി.പി.എം നേതൃത്വം മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

30 ലക്ഷത്തോളം വനിതകൾ ചേർന്ന് നിന്നാലേ മതിലാകൂ എന്നതിനാൽ ഓരോ പ്രദേശത്തിനും നേതാക്കൾക്ക് ചുമതല കൈമാറിയിട്ടുണ്ട്. ഏറ്റവും അധികം ദൂരം ദേശീയ പാത പോകുന്ന ആലപ്പുഴയിൽ കോട്ടയം ,ഇടുക്കി ജില്ലകളിലെ പ്രവർത്തകരും പങ്കാളികളാകും.

വാഹനത്തിൽ ഓരോ പ്രദേശത്തും വനിതകളെ ഇറക്കുന്നതിനായി പ്രത്യേക വളണ്ടിയേഴ്സിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. സർക്കാറും ജില്ലാ ഭരണകൂടവും എല്ലാം ഉണ്ടെങ്കിലും എല്ലായിടത്തും പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് സി.പി.എം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

പാർട്ടി പ്രവർത്തകരും അനുഭാവികളുമായ സകലരും കുടുംബത്തിലെ മുഴുവൻ സ്ത്രീകളെയും രംഗത്തിറക്കിയ ശേഷം മാത്രമേ മറ്റുള്ളവരെ കൊണ്ടുവരേണ്ടതൊള്ളൂ എന്നതാണ് പ്രത്യേക നിർദ്ദേശം.

ഗിന്നസ് ബുക്കിൽ ഇടം പിടിക്കുന്ന രൂപത്തിൽ വനിതാ മതിൽ ലോകത്തിനു മുന്നിൽ വൻ മതിലായി മാറുമെന്ന പ്രതീക്ഷയിലാണ് ചെമ്പട.

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉള്ള പുതിയ കാലത്ത് എവിടെയെങ്കിലും വിള്ളൽ ഉണ്ടായാൽ അപ്പോൾ തന്നെ എരാളികൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കും എന്നതിനാൽ പഴുതടച്ച പദ്ധതികളാണ് അണിയറയിൽ തയ്യാറാകുന്നത്. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഉൾപ്പെടെ കുടുംബത്തിലെ മുഴുവൻ സ്ത്രീകളും വനിതാ മതിലിൽ കണ്ണികളാകും.

Top