V.S Achuthananthan- DGP Jacob Thomas- T.P Senkumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം വരികയും വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുകയും ചെയ്താല്‍ സംസ്ഥാന പൊലീസ് മേധാവിയായി ജേക്കബ് തോമസിനെ തന്നെ നിയമിക്കും.

സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനൊരുങ്ങിയ ജേക്കബ് തോമസിന് വേണ്ടി ശക്തമായി രംഗത്ത് വന്ന വി.എസിന്റെ മനസിലിരിപ്പ് ഇതാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

വിജിലന്‍സ് ഡയറക്ടറായി ഋഷിരാജ് സിങ്ങിനെ കൊണ്ടുവരണമെന്ന താല്‍പര്യവും വി.എസിന് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ സിപിഎം നേതൃത്വത്തിന്റെ നിലപാടിന് വഴങ്ങിയേക്കും. സിങ്ങല്ലെങ്കില്‍ ലോക്‌നാഥ് ബഹ്‌റക്കായിരിക്കും സാധ്യത.

യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ പദം നല്‍കാതെ അപമാനിച്ച മൂന്ന് ഡിജിപിമാരോടും അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സിപിഎം നേതൃത്വത്തിനുള്ളതെങ്കിലും സംസ്ഥാന പൊലീസ് മേധാവിയുടെ കാര്യത്തില്‍ പിടിവാശിയോടെയുള്ള സമീപനമുള്ളത് വി.എസിന് മാത്രമാണ്.

സെന്‍കുമാര്‍, ഇടതുപക്ഷം അധികാരത്തിലേറിയാല്‍ പിന്നെ ഒരു നിമിഷം ഡിജിപി തസ്തികയില്‍ തുടരുന്നത് അദ്ദേഹം വ്യക്തിപരമായി പോലും ഇഷ്ടപ്പെടുന്നില്ലത്രെ.

ഇടതുപക്ഷം അധികാരത്തില്‍ വരികയും വി.എസ് മുഖ്യമന്ത്രിയാവുകയും ചെയ്താല്‍ ആഭ്യന്തര വകുപ്പ് വിട്ടുനല്‍കിയാലും വിജിലന്‍സ് വകുപ്പ് വി.എസ് തന്നെ കൈകാര്യം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയായ ജേക്കബ് തോമസിന് 2020 ഏപ്രില്‍ വരെ സര്‍വ്വീസ് ബാക്കിയുണ്ട്. ഫയര്‍ഫോഴ്‌സ് മേധാവിയായ ലോക്‌നാഥ് ബഹ്‌റക്കും ജയില്‍ മേധാവിയായ ഋഷിരാജ് സിങ്ങിനും 2021വരെയും സര്‍വ്വീസുണ്ട്. നിലവിലെ ഡിജിപി ടി.പി സെന്‍കുമാറിന് 2017 ജൂണ്‍ വരെയാണ് കാലാവധി. ഭരണമാറ്റമുണ്ടായാലും സാധാരണ ഗതിയില്‍ അദ്ദേഹം തുടരേണ്ടതാണ്.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ വന്നപ്പോഴും ഇത്തവണ യുഡിഎഫ് അധികാരമേറ്റെടുത്തപ്പോഴും നിലവിലെ ഡിജിപിമാരെ മാറ്റിയിരുന്നില്ല. മാത്രമല്ല രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് മതിയായ കാരണമില്ലാതെ ക്രമസമാധാന ചുമതലയിലുള്ള ഉദ്യോഗസ്ഥരെ മാറ്റരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശവുമുണ്ട്.

എന്നാല്‍ യുവ ഐപിഎസുകാരെ ചാര്‍ജ്ജെടുത്ത് മാസങ്ങള്‍ക്കകം തെറുപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ചെറുവിരലനക്കാതെയിരുന്ന ഡിജിപിയെ പുതിയ സര്‍ക്കാര്‍ മാറ്റിയാല്‍ ഇതിനോടുള്ള ഐപിഎസുകാരുടെ പ്രതികരണമെന്തായിരിക്കുമെന്നതും കണ്ടറിയേണ്ട കാര്യമാണ്.

ഐപിഎസ് അസോസിയേഷന്‍ നിയമവിരുദ്ധമായ സ്ഥലംമാറ്റത്തിനെതിരെ പലവട്ടം പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ അത് മുഖവിലയ്‌ക്കെടുക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇപ്പോഴും ശക്തമായ പ്രതിഷേധം നിലവിലുണ്ട്.

Top