തിരുവനന്തപുരം: കോടതിയെ വിമര്‍ശിക്കുന്ന സ്വഭാവം തനിക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രിയുടെ ആണയിടല്‍ മറ്റൊരു കള്ളത്തരമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.
കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനില്‍ ഹാജരായ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ശ്രീകുമാറും, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ രാജുജോസഫും കമ്മീഷനെതിരെ പുറത്തു നടത്തിയ പ്രതികരണം ദു:ഖകരമാണെന്ന് ജസ്റ്റിസ് ശിവരാജന്‍ പ്രസ്താവിച്ചിരിക്കുകയാണ്.
അഭിഭാഷകര്‍ കക്ഷിയുടെ അഭിപ്രായമാണ് കോടതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ കമ്മീഷനെതിരെയുള്ള തട്ടിക്കയറല്‍ മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നു. കമ്മീഷന്റെ തെളിവെടുപ്പ് നടക്കുന്ന സമയത്തു തന്നെ കമ്മീഷനെതിരെ മുഖ്യമന്ത്രിയുടെ വക്കീല്‍ തട്ടിക്കയറുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണ്.
മുഖ്യമന്ത്രി തന്നെ നിയോഗിച്ച കമ്മീഷനില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാതായിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്നും വിധി എതിരായാലും അനുകൂലമായാലും ജഡ്ജിമാരോട് ഒരേ സമീപനമാണ് എന്നൊക്കെയുളള മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളെ മണ്ടന്മാരാക്കാനും, കബളിപ്പിക്കാനും മാത്രമാണെന്ന് ജനങ്ങള്‍ക്ക് ഇതിനകം മനസ്സിലായിട്ടുണ്ടെന്നും വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.