തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ വക്കീല്‍ പി. ശശിധരന്‍ നായര്‍ വക്കീല്‍ നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കെതിരെ കേസുകള്‍ ഉണ്ടെന്ന വിഎസിന്റെ അഭിപ്രായത്തെ താന്‍ കോടതിയില്‍ തള്ളിപ്പറഞ്ഞെന്ന ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി.
പരാമര്‍ശം ഉടനടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
നേരത്തെ ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസില്‍ വാദം കേള്‍ക്കവെ ഇതില്‍ നിന്ന് വിഎസിന്റെ വക്കീല്‍ പിന്‍മാറിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തനിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന ആരോപണത്തില്‍ നിന്ന് വിഎസ് മലക്കം മറിഞ്ഞതായി മുഖ്യമന്ത്രിയും പിന്നീട് വ്യക്തമാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകള്‍ ഉണ്ടെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ വെല്ലുവിളിച്ചപ്പോഴാണ് വിഎസിന്റെ അഭിഭാഷകന്‍ നിലപാട് മാറ്റിയതെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം വിഎസ് ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചു നിന്നാണ് താന്‍ വാദിച്ചതെന്ന് പി. ശശിധരന്‍ നായര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് വിഎസ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുകള്‍ ഉണ്ടെന്ന് ആരോപിച്ചത്.
ഇതിനെത്തടുര്‍ന്നാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. വിഎസിന്റെ ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പ്രസംഗം വിലക്കണമെന്നും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി കേസ് ഫയല്‍ ചെയതത്. എന്നാല്‍ ഇന്നലെ കോടതി കേസ് തള്ളുകയായിരുന്നു.