തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. അഴിമതിയുണ്ടെന്ന് ജേക്കബ് തോമസ് പറയുമ്പോള്‍ ഡി.ജി.പി കൊഞ്ഞനം കുത്തുന്നു. സര്‍ക്കാരിനെ ന്യായീകരിക്കുകയാണ് ഡിജിപി നിരന്തരം ചെയ്യുന്നതെന്നും വി.എസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രി ബാബുവിന്റെയും രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് വി.എസ് ഉന്നയിച്ചത്. ഇത്രയും നാണം കെട്ടൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന് വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരെ വലിയ അഴിമതി ആരോപണത്തിന് പുറമെ ലൈംഗികാരോപണമടക്കം ഉയര്‍ന്നിരിയ്ക്കുന്നു. അല്‍പ്പമെങ്കിലും ലജ്ജയുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഇതിനിടെ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തെത്തി. ഉമ്മന്‍ചാണ്ടി വഴി വിട്ട് സഞ്ചരിച്ചതിന്റെ ഒരേട് മാത്രമാണ് സോളാറെന്ന് പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടി സോളാര്‍ കമ്പനിയുടെ അംബാസഡറായിരുന്നുവെന്ന് പിണറായി പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്നും പിണറായി പറഞ്ഞു.