V.S against Smrithi Irani

തിരുവനന്തപുരം: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശം രണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

സംഘടിക്കാനും അഭിപ്രായം പറയാനുമുളള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. രോഹിത് അടക്കമുള്ളവര്‍ അംബേദ്കറിന്റെ പേരിലുള്ള യൂണിയനുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ സര്‍വ്വകലാശാല അധികൃതര്‍ നടപടിയെടുത്തത്. ഇത് തികച്ചും ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപി ഭരണത്തിന്‍ കീഴില്‍ രാജ്യമെങ്ങും ദളിതര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ മറ്റൊരു മുഖമാണ് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ കണ്ടത്. ബിജെപിയുടെയും, സംഘപരിവാറിന്റെയും ചാതൂര്‍വര്‍ണ്യ സിദ്ധാന്തത്തിന്റെ പ്രതിഫലനവുമാണ് ഇത്. ഇതിനെതിരെ ജനാധിപത്യവാദികള്‍ ഒന്നടങ്കം പ്രതിഷേധിക്കുകയും, രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

നായാടി മുതലുളള ദളിതരുടെ പേരില്‍ വീമ്പിളക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈ സംഭവത്തില്‍ എന്തേ ഒന്നും മിണ്ടാത്തതെന്നും വി.എസ് ചോദിച്ചു.

Top