തിരുവനന്തപുരം: തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത് തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ശ്രമം രാഷ്ട്രീയ ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഉത്തരം മുട്ടിയപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദായില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്നും വിഎസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പരിഹസിച്ചു.
കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കി മാറ്റരുതെന്ന് തിരുവനന്തപുരം സിജെഎം കോടതി പരാമര്‍ശിച്ചിരുന്നു. വിഎസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. തുടര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിഎസിനെ വിലക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രിക്കു വേണ്ടി ഹാജരാനാവാനെത്തിയ സര്‍ക്കാര്‍ അഭിഭാഷകനോട് താങ്കള്‍ സ്വകാര്യ അഭിഭാശകനായാണോ അതോ സര്‍ക്കാര്‍ അഭിഭാഷകനായാണോ വന്നിരിക്കുന്നതെന്ന് തുടക്കത്തില്‍ കോടതി ആരാഞ്ഞു.
ആരോപണങ്ങളില്‍ തന്റെ കക്ഷി ഉറച്ചുനില്‍ക്കുന്നതായി വിഎസ്സിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്നും വിഎസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ഗോദമാറി കയറിയ ഉമ്മന്‍ ചാണ്ടി!!
ഉത്തരം മുട്ടിയപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദാ യില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി.
എനിക്കെതിരെ ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്ത മാനനഷ്ട കേസ് ഇന്ന് തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണയ്ക്ക് വന്നു. തന്റെ മാനം ഉറപ്പിക്കുന്നതിനെക്കാള്‍ എന്റെ വായ് പൊത്തി പിടിക്കണമെന്നാണ് കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടത്. കോടതി ആ അവശ്യം കൈയ്യോടെ തള്ളി. കോടതിയെ രാഷ്ട്രീയ കളിക്കുള്ള വേദിയാക്കരുതെന്ന് രൂക്ഷ വിമര്‍ശനവും നടത്തി.
ചുരുക്കത്തില്‍ ഉമ്മന്‍ ചാണ്ടി ഗോദ മാറി കയറി!
പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി, തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂ. ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണ്. അതും ഈ തിരഞ്ഞെടുപ്പ് കാലത്ത്.
ഉത്തരം മുട്ടുംമ്പോള്‍ കൊഞ്ഞണം കാണിക്കുന്ന പോലെ താങ്കള്‍ കുറെ വെല്ലുവിളികള്‍ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ ഞാന്‍ അവയൊക്കെ ഏറ്റെടുക്കുന്നു. ഇവിടെ വിധികര്‍ത്താക്കള്‍ ജനങ്ങളാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ താങ്കള്‍ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്റെ ഭീതിയാണ് അത്. പോര്‍ക്കളത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവന്റെ ഭീതി.
കഴിഞ്ഞ അഞ്ചു കൊല്ലം മുഖ്യമന്ത്രിയായ അങ്ങും കൂട്ടാളികളും ചെയ്തു കൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴ പോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണില്‍ ജീവിക്കുന്ന ജനങ്ങളെ താങ്കള്‍ വല്ലാതെ ഭയപ്പെടുന്നു.
ഉമ്മന്‍ ചാണ്ടി, നിങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ജനങ്ങള്‍ അത് അനുവദിക്കില്ല.