v.s facebook post- about ommenchandy statement

തിരുവനന്തപുരം: സംസ്ഥാനത്തെ ഖജനാവും സാമ്പത്തികനിലയും ഭദ്രമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദത്തിന് ശക്തവും പരിഹാസപൂര്‍ണവുമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ഖജനാവ് ഭദ്രമാണെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തിന് കാലിയായ ഖജനാവ് ഭദ്രമായിരിക്കുമല്ലോ എന്നാണ് വിഎസ് ചോദിക്കുന്നത്. കേരളത്തിന്റെ ഖജനാവ് ഭദ്രമെന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി പറയുമ്പോള്‍ നിത്യദാനച്ചെലവിന് ആവശ്യമായ പണം കണ്ടെത്താന്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ വിറളിപിടിച്ച് ഓടുകയാണെന്ന് വിഎസ് കുറ്റപ്പെടുത്തുന്നു.

വികസസന പ്രവര്‍ത്തനങ്ങളുടെ പണം നല്‍കാന്‍ ഖജനാവില്‍ ഒരു നയാപൈസ പോലും ഇല്ല എന്നതാണ് അവസ്ഥ. വികസന വായ്ത്താരി പറയുന്ന താങ്കളുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം ചെലവാക്കിയത് വെറും 47 ശതമാനം മാത്രമാണ്. കോണ്‍ട്രാക്ടര്‍മാരുടെ ചെക്കുകളെല്ലാം പ്രീ ഓര്‍ഡര്‍ ചെക്കായി ആറുമാസം കഴിഞ്ഞുള്ള തീയതിയില്‍ നല്‍കിയിരിക്കുകയാണ്. ആറുമാസം കഴിഞ്ഞ് പണത്തിനായി ആരും താങ്കളെ സമീപിക്കുകയില്ല, ഈ തിരിച്ചറിവ് നല്ലതുതന്നെ. വിഎസ് പറയുന്നു.

സംസ്ഥാന ഖജനാവിലേക്ക് കിട്ടാനുള്ള തുകയ്ക്ക് കോഴവാങ്ങി സ്‌റ്റേ നല്‍കുകയാണ് മുഖ്യമന്ത്രിയുടെ കലാപരിപാടിയെന്നും ഇതില്‍ അഗ്രഗണ്യനാണ് കെ. എം മാണിയെന്നും വിഎസ് കുറ്റുപ്പെുത്തുന്നു. ഇങ്ങനെ കേരളത്തിന്റെ വരവുകോളം പൂജ്യമാക്കി. കടുംവെട്ട് വെട്ടി സര്‍ക്കാര്‍ ഭൂമിയും കായലും പുഴയും വിറ്റ് കീശവീര്‍പ്പിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പന്നര്‍. കേരളത്തിന്റെ ഖജനാവോ ഓട്ടക്കാലണ. അങ്ങനെ കേരളത്തെ ഓട്ടക്കാലണയാക്കിയവര്‍ക്ക് ഉചിതമായ മറുപടി മെയ് 16 ന് ജനം നല്‍കും ഉറപ്പ്. ‘ഖജനാവ് ഭദ്രമെന്ന് ഉമ്മന്‍ ചാണ്ടി; കാലിയായ ഖജനാവ് ഭദ്രമായിരിക്കുമല്ലൊ?’ എന്ന തലക്കെട്ടില്‍ എഴുതിയ ഫെ്‌യസ്ബുക്ക് പോസ്റ്റില്‍ വിഎസ് പറയുന്നു.

(വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….)
ഖജനാവ് ഭദ്രമെന്ന് ഉമ്മന്‍ ചാണ്ടി;
കാലിയായ ഖജനാവ് ഭദ്രമായിരിക്കുമെല്ലോ???!!!
ധനമന്ത്രി കൂടിയായ താങ്കള്‍ പറയുന്നു കേരളത്തിന്റെ ഖജനാവ് ഭദ്രം. എന്നാല്‍ സെക്രട്ടേറിയറ്റിലെ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്തംവിട്ട് ധനവകുപ്പ് സെക്രട്ടറിയുടെ മുറിയിലേക്കും അവിടെ നിന്ന് താങ്കളുടെ ഓഫീസിലേക്കും ഓടി നടക്കന്നു. നിത്യനിദാനച്ചെലവിനും ആവശ്യമായ പണം കണ്ടുപിടിക്കുതിനാണ് ഈ വിറളിപിടിച്ച ഓട്ടം! ജീവനക്കാരടെ ശമ്പളവും മറ്റ് അലവന്‍സുകളും വിതരണം ചെയ്യുന്നത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് താമസിപ്പിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ പണം നല്‍കാന്‍ സര്‍ക്കാരിന്റെ ഖജനാവില്‍ ഒരു നയാപൈസ പോലും ഇല്ല എന്നതാണ് അവസ്ഥ. കോട്രാക്ടര്‍മാരുടെ ചെക്കുകളെല്ലാം പ്രീ ഓര്‍ഡര്‍ ചെക്കായി ആറുമാസം കഴിഞ്ഞുളള തീയതിയില്‍ നല്‍കിയിരിക്കുകയാണ്. എന്തിനേറെ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഇരകള്‍ക്ക് നല്‍കുന്ന ചെക്കുകള്‍ക്ക് പോലും ഇതാണ് സ്ഥിതി. ചെക്ക് കിട്ടിയവരെല്ലാം ചെക്കുമായി തേരാപാര നടക്കുകയാണ്

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കുതിനും മറ്റ് അത്യാവശ്യ ചെലവിനു പോലും കാശില്ല. വികസന വായ്ത്താരി പറയുന്ന താങ്കളുടെ സര്‍ക്കാര്‍, പ്ലാന്‍ ഫണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ചെലവാക്കിയത് വെറും 47 ശതമാനം മാത്രമാണല്ലോ?. ഈ 47 ശതമാനത്തിന്റെ ബില്ലുകളാണ് ധനവകുപ്പില്‍ നിന്നും പലതരത്തില്‍ വേര്‍തിരിച്ച് ആറും ഏഴും മാസം കഴിഞ്ഞുളള തീയതികളില്‍ ചെക്കുകളായി നല്‍കിയിരിക്കുത്.
നിങ്ങള്‍ക്കെതിരെ ജനം ‘ചെക്ക്’ പറഞ്ഞിരിക്കുകയാണ്. ഒരുകാര്യം ഉറപ്പാണല്ലോ? ആറുമാസം കഴിഞ്ഞ് പണത്തിനായി ആരും താങ്കളെ സമീപിക്കുകയില്ല, ഈ തിരിച്ചറിവ് താങ്കള്‍ക്കുള്ളത് നല്ലതുതന്നെ.
വരവിന്റെ കാര്യത്തിലാണെങ്കിലോ? കിട്ടാനുളള തുകയ്ക്ക് കോഴ വാങ്ങി സ്‌റ്റേ നല്‍കുകയാണ് താങ്കളുടെ സര്‍ക്കാരിന്റെ കലാപരിപാടി. ഇതില്‍ അഗ്രഗണ്യനായിരുല്ലോ താങ്കളുടെ സുഹൃത്ത് കെ.എം. മാണി?. ഇങ്ങനെ കേരളത്തിന്റെ വരവുകോളം താങ്കള്‍ പൂജ്യമാക്കി. അങ്ങനെ ഖജനാവ് വട്ടപൂജ്യമായി. കടുംവെട്ട് വെട്ടി സര്‍ക്കാര്‍ ഭൂമിയും കായലും പുഴയും വിറ്റ് കീശ വീര്‍പ്പിച്ച താങ്കളും സഹമന്ത്രിമാരും സമ്പന്നര്‍. കേരളത്തിന്റെ ഖജനാവോ ഓട്ടക്കാലണ. അങ്ങനെ കേരളത്തെ ഓട്ടക്കാലണയാക്കിയ താങ്കള്‍ക്കും കൂട്ടര്‍ക്കും ഉചിതമായ മറുപടി മേയ് 16ന് ജനം നല്‍കും ഉറപ്പ്

Top