തിരുവനന്തപുരം: വയനാട്ടില്‍ കഴിഞ്ഞ ദിവസം പോഷകാഹാരക്കുറവ് മൂലം ആദിവാസി ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
യുഡിഎഫ് വീമ്പിളക്കുന്ന വികസനത്തിന്റെ ഒടുവിലത്തെ ഇരകളാണ് ഈ കുട്ടികളെന്ന് വിഎസ് ചൂണ്ടിക്കാട്ടി. ഏറ്റവും നന്നായി പരിഗണന വേണ്ട വിഭാഗങ്ങളില്‍ പോലും വികസനം വേണ്ടരീതിയില്‍ എത്താത്തത് മൂലം യുഡിഎഫ് സര്‍ക്കാര്‍ ആദിവാസി അമ്മമാരുടെ തോരാത്ത കണ്ണീരില്‍ ഭസ്മമാവുക തന്നെ ചെയ്യുമെന്ന് വിഎസ് അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നവജാതശിശുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഒരു കുട്ടി ഗര്‍ഭാവസ്ഥയിലും മറ്റൊരു കുട്ടി പ്രസവിച്ച് മണിക്കൂറുകള്‍ക്കു ശേഷവുമാണ് മരിച്ചത്.
(വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….)
വികസനവും കരുതലും ഉമ്മന്‍ചാണ്ടി വക!
യു.ഡി.എഫ് വീമ്പിളക്കുന്ന വികസനത്തിന്റെ ഒടുവിലത്തെ ഇരകളാണ് വയനാട്ടില്‍ കഴിഞ്ഞ ദിവസം പോഷകാഹാരക്കുറവുമൂലം മരിച്ച ആദിവാസിയുവതിയുടെ നവജാത ഇരട്ടക്കുട്ടികള്‍. നവജാതശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുദ്ദേശിച്ചിട്ടുള്ള ‘ജനനി ജന്മരക്ഷാ’ പദ്ധതി പ്രകാരം മാസംതോറും നല്‍കേണ്ട ആയിരം രൂപ ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടും ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ ബാലന്‍സുമതി ദമ്പതികള്‍ക്ക് ലഭിക്കാത്തതെന്താണെന്ന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രി ജയലക്ഷ്മിയും വിശദീകരിക്കണം.
വയനാട് മീനങ്ങാടി മണങ്ങുവയല്‍ ആദിവാസി കോളനിയിലെ ബബിതയുടെ അഞ്ചുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുമരിച്ചിട്ട് കുറച്ചുദിവസങ്ങളേ ആയിട്ടുള്ളൂ. മാനന്തവാടി ജില്ലാ ആശുപത്രിയില്‍നിന്ന് പരിചരണം ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ വാളോട് സ്വദേശിനിയായ ആദിവാസി യുവതി അനിതയുടെ മൂന്ന് നവജാതശിശുക്കള്‍ മരിച്ചത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. അതിനും മുമ്പ് അട്ടപ്പാടിയില്‍ നവജാതശിശുക്കളുടെ മരണം ക്രമാതീതമായി ഉയര്‍പ്പോള്‍ അത് പോഷാകാഹാരക്കുറവുമൂലമാണെ് കണ്ടെത്തിയിരുന്നു. ആ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം എഴുപതോളം നവജാതശിശുക്കളാണ് മരിച്ചത്. ഇതിനെതിരെയുള്ള പ്രതിഷേധം കനത്തപ്പോള്‍ ആദിവാസി അമ്മമാര്‍ കള്ളുകുടിക്കുന്നതുകൊണ്ടാണ് ഇത്തരമൊരവസ്ഥ ഉണ്ടായതെന്ന് ഒരു മന്ത്രിപുങ്കവന്‍ പ്രസംഗിച്ചത് മറക്കാനാവുമോ? ഭരണപക്ഷത്തെ ഏക വനിതാ എം.എല്‍.എ ആയ ജയലക്ഷ്മി ആദിവാസി മന്ത്രി ആയിരുന്നിട്ടുപോലും അതിനെതിരെ പ്രതിഷേധിച്ചില്ല എന്നതാണ് ഖേദകരം.
കേരളത്തിലെ കാര്യം പറയാന്‍ ഗുജറാത്തിനെ താരതമ്യപ്പെടുത്താന്‍ ധൈര്യമില്ലാത്ത നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാരിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ദളിതന്‍ മിടുക്കനായാല്‍ അവന്‍ കുലത്തൊഴില്‍ചെയ്ത് ഒതുങ്ങിക്കൂടണമെന്ന സംഘപരിവാര തീട്ടൂരം ലംഘിച്ചതിനാണ് രോഹിത് വെമുല എന്ന ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദിവാസികളുടെ ജനനത്തെതന്നെ പരോക്ഷമായി തടയുമ്പോള്‍ ജനിച്ചു കഴിഞ്ഞവരെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാരുകളുടെ നയം.
തോട്ടിന്‍കരയില്‍ വിമാനത്താവളമുണ്ടാക്കിയെന്നും കിണറ്റിന്‍കരയില്‍ മെഡിക്കല്‍ കോളേജുണ്ടാക്കിയെന്നും പുഞ്ചപ്പാടത്ത് ഐടി സിറ്റി ഉണ്ടാക്കിയെന്നുമൊക്കെ കുറേ നാളായി ഉമ്മന്‍ചാണ്ടിയും കൂട്ടരും അവകാശപ്പെടുതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടിതൊന്നും എവിടെയും കാണാനുമില്ല. ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കുപോലും കടുത്ത ദു:ഖമുണ്ടാക്കിയ യു.ഡി.എഫ് സര്‍ക്കാര്‍ ആദിവാസി അമ്മമാരുടെ തോരാത്ത കണ്ണീരില്‍ ഭസ്മമാവുകതന്നെ ചെയ്യും.