തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രാഷ്ട്രീയമായി വളച്ചൊടിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ ഒരു കാര്യത്തിലും രാഷ്ട്രീയം കാണാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ അധമമനസുള്ളവര്‍ക്കെ സാധിക്കൂ. ഉമ്മന്‍ചാണ്ടിയുടേത് മൃഗസമാനമായ രാഷ്ട്രീയമാണ്. ജിഷയെ എന്റെ കൊച്ചുമകളായും ജിഷയുടെ അമ്മയെ എന്റെ മകളായുമാണ് ഞാന്‍ കണ്ടത്. അവര്‍ എന്റെ കൈകൂട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കരച്ചിലടക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. അദതിലും രാഷ്ട്രീയം രണ്ട അധമമനസാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.
(വി.എസിന്റെ ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണരൂപം…..)
കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകത്തിന് ഇരയായ ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ച എന്നെ പരിഹസിച്ചു കൊണ്ട് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഒരു പോസ്റ്റ് ഇട്ടതായി കണ്ടു. എത്രയോ ദാരുണമായ രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്രയും കരളലയിപ്പിച്ച ഒരു രംഗത്തിന് എനിക്ക് സാക്ഷിയാകേണ്ടി വന്നിട്ടില്ല.ആ അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പാടുപെട്ടു എന്ന് ഞാന്‍ എഴുതിയതിനെ വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരിക്കുന്നത്. മൃഗസമാനമായ രാഷ്ട്രീയമാണിത്. ഇങ്ങനെ ചെയ്യുക വഴി താങ്കള്‍ കേരളത്തിന്റെ മുഖത്താണ് കാര്‍ക്കിച്ച് തുപ്പിയിരിക്കുന്നത്.
പെരുമ്പാവൂര്‍ എം. എല്‍.എ. സാജു പോള്‍ ഉള്‍പ്പെടെ ആരും തന്നെ സഹായിച്ചില്ല എന്ന് ആ അമ്മ അലമുറയിട്ട് കരഞ്ഞപ്പോള്‍ വാക്കുകള്‍ മുട്ടി ഞാന്‍ നിന്നു പോയി എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കണ്ടുപിടുത്തം.
ജിഷയെ എന്റെ സ്വന്തം കൊച്ചു മകളെ പേലെയും ജിഷയുടെ അമ്മയെ സ്വന്തം മകളായും ആണ് ഞാന്‍ കണ്ടത്. അവര്‍ എന്റെ കൈകള്‍ അവരുടെ കൈകളിലേക്ക് എടുത്ത് വാവിട്ട് നിലവിളിച്ചു. ഈ ദുഃഖം കണ്ട് കരച്ചിലടക്കാന്‍ പോലും ഞാന്‍ പാടുപെടുന്നുണ്ടായിരുന്നു. അതിലും രാഷ്ട്രീയം കാണാന്‍ ഉമ്മന്‍ ചാണ്ടിയെ പോലെ അധമമനസ്സുള്ളവര്‍ക്കെ കഴിയൂ.
ജിഷയുടെ കൊലപാതകത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുതെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജിഷയുടെ കൊലപാതകത്തിലേയ്ക്ക് വഴി തെളിച്ച സംഭവങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചകളും ഇന്ന് കേരള ജനത സജീവമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഉണ്ടായ അപാകതകളും അന്വേഷണത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വന്‍ വീഴ്ചകളും മാധ്യമങ്ങള്‍ അക്കമിട്ട് പുറത്ത് കൊണ്ട് വന്നിരിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാകട്ടെ കഴിവ്‌കെട്ട പൊലീസിനെ സംരക്ഷിച്ചു കൊണ്ട് അന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഇതിനെയൊന്നും ആരും വിമര്‍ശിക്കരുത്. ഇതാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.
ഉമ്മന്‍ ചാണ്ടി, ഈ അസ്ഥിമാടത്തിന് വെള്ളപൂശാന്‍ ഞങ്ങളെ കിട്ടില്ല. ജിഷയുടെ അരുംകൊലയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരും. ജിഷയുടെ ദുരനുഭവം കേരളത്തിലെ ഒരു പെണ്‍കുട്ടിയ്ക്കും ഉണ്ടാകാന്‍ പാടില്ല. അതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളുകയും വനിതകള്‍ക്ക് പഴുതടച്ചു കൊണ്ടുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.