V S Sunilkuma visited Metran Kayal

കോട്ടയം: മെത്രാന്‍ കായലില്‍ സ്വകാര്യ കമ്പനികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. കൃഷി ചെയ്യാന്‍ താല്‍പര്യമറിയിച്ച് 28 ഏക്കര്‍ ഭൂമിയുടെ ഉടമകള്‍ സമീപിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുമരകത്ത് മെത്രാന്‍ കായല്‍ സന്ദര്‍ശിച്ച ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമി കൃഷിയാവശ്യത്തിനല്ലാതെ ഉപയോഗിക്കില്ല. നെല്‍വയല്‍ നീര്‍ത്തട നിയമം പാലിക്കുമെന്നും മന്ത്രി അറിയിച്ചു.

മെത്രാന്‍ കായല്‍ ഏറ്റെടുത്തു കൃഷി ഇറക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെയായിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതം വേണം എന്ന നെല്‍വയല്‍ നീര്‍ത്തട നിയമത്തിലെ ചട്ടങ്ങള്‍ നടപടി പ്രതിസന്ധിയിലാക്കി. ഇവിടെ 1500 കോടി നിക്ഷേപം നടത്തിയ 16 കമ്പനികള്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുമെന്ന സാഹചര്യമായിരുന്ന നിലവിലുള്ളത്.
ഇതു മറികടക്കാന്‍ ഉത്തരവിറക്കുകയോ, നിയമഭേദഗതി കൊണ്ടുവരികയോ വേണമെന്ന അവസ്ഥയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഭൂമി ഏറ്റെടുക്കാതെ ഉടമകള്‍ക്ക് കൃഷിക്കു മാത്രമായി ഉപയോഗിക്കാന്‍ അവസരമൊരുക്കുമെന്നാണ് മന്ത്രി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Top