V.S supporting to CPM-Congress alliance in Bengal

കൊല്‍ക്കത്ത: സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം ഏത് വിഭാഗത്തിന്റെ വിജയമായി അവകാശ വാദമുന്നയിച്ചാലും അന്തിമ വിജയം വി.എസിന്റേത്.

കോണ്‍ഗ്രസിനോട് സഖ്യം ചേര്‍ന്ന് മത്സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയെങ്കിലും തിരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുമായി നീക്കുപോക്കാവാമെന്ന തീരുമാനം പ്രത്യക്ഷത്തില്‍ ബംഗാള്‍ ഘടകത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണ്.

കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയുണ്ടാക്കാതെ ബംഗാളില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തെ കേരളത്തില്‍ നിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തപ്പോള്‍ ജനകീയ നേതാവായ വി.എസിന്റെ അഭിപ്രായം ബംഗാള്‍ ഘടകത്തിന് അനുകൂലമായിരുന്നു.

വി.എസിന്റെ നിലപാടിനൊപ്പം കേരളത്തില്‍ നിന്ന് തോമസ് ഐസക്ക് മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും ബംഗാളിലെ മാധ്യമ ചര്‍ച്ചകളിലും വാര്‍ത്തകളിലും സിപിഎം സ്ഥാപക നേതാവായ വി.എസിന്റെ വേറിട്ട ശബ്ദത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്.

തങ്ങളുടെ വികാരം മനസിലാക്കി കടുത്ത കോണ്‍ഗ്രസ് വിരുദ്ധനായിട്ടും തെരഞ്ഞെടുപ്പ് ധാരണയെ പിന്തുണച്ച വി.എസിന്റെ നടപടി ബംഗാളിലെ സിപിഎം അണികള്‍ക്കും നേതാക്കള്‍ക്കും വലിയ ആവേശമായിരിക്കുകയാണ്.

സഖ്യം വേണ്ടെന്ന് തീരുമാനിച്ചപ്പോഴും ധാരണയുണ്ടാക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയത് ബംഗാള്‍ ഘടകത്തിന്റെ താല്‍പര്യത്തിനുമപ്പുറം കേരളത്തില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസിന്റെ അഭിപ്രായം കൂടി മുന്‍നിര്‍ത്തിയാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയോ അതല്ലെങ്കില്‍ മതേതര മുന്നണി എന്ന രൂപത്തില്‍ സഖ്യ സ്ഥാനാര്‍ത്ഥികളെ പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ മത്സരിപ്പിച്ചോ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനാണ് സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ നീക്കം.

80 സീറ്റ് വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി വിട്ടുനല്‍കാന്‍ ഇടതുമുന്നണി തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. മമതക്കെതിരായ ജനവികാരം ഭിന്നിക്കാതെ വോട്ടാക്കി മാറ്റാനും അതോടൊപ്പം ബിജെപിയെ ഒറ്റക്കെട്ടായി എതിര്‍ക്കാനുമാണ് സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികളുടെ തീരുമാനം.

Top