എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും പത്ത് രൂപ ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
അതേസമയം, എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ക്ക് ഫീസ് പിരിവ് നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 2013-ലെ സര്‍ക്കുലര്‍ ഇറങ്ങിയ സമയത്ത് കെ.എസ്.യു സമരം ചെയ്‌തോ ഇതാണ് രാഷ്ട്രീയക്കളിയെന്നും വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു.
മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെയും ശിവന്‍കുട്ടി വിമര്‍ശിച്ചു. 2013-ലെ മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ പരിശോധിച്ചാല്‍ അതില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവുകള്‍ക്കായി ഓരോ പരീക്ഷാര്‍ഥിയില്‍ നിന്നും പത്ത് രൂപാവീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍ മുഖാന്തിരം ശേഖരിയ്‌ക്കേണ്ടതാണെന്ന നിര്‍ദ്ദേശമുണ്ട്. അന്ന് യു.ഡി.എഫ് ആണ് ഭരിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. സ്വന്തം വകുപ്പില്‍ എന്താണ് നടക്കുന്നതെന്ന ബോധംപോലും ഇല്ലാത്ത ആളായിരുന്നു അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയെന്ന് മനസിലാക്കാന്‍ ഇതിലും വലിയ ഉദാഹരണം വേണോ, മന്ത്രി ചോദിച്ചു.