ഇസ്ലാം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍പിള്ളയ്ക്ക് എതിരെ പരാതി നല്‍കി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളളക്കെതിരെ സിപിഎം നേതാവ് വി ശിവന്‍കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.പൊലീസിനും ജില്ലാ വരണാധികാരിക്കുമാണ് പരാതി നല്‍കിയത്. ശ്രീധരന്‍പിള്ളയുടേത് ബോധപൂര്‍വ്വമുള്ള പരാമര്‍ശമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

‘പ്രസംഗത്തില്‍ ജാതി മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. കലാപത്തിനുള്ള പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ പ്രസംഗം. ‘ഇസ്ലാം ആണെകില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം. ഡ്രസ്സ് മാറ്റി നോക്കണ്ടേ’ എന്നത് അത്യന്തം ഇസ്ലാം വിരുദ്ധമായ പരാമര്‍ശമാണ്’ ശിവന്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ വെച്ചാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.

Top