തിരുവനന്തപുരം: സമരാഗ്‌നി വേദിയില്‍ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഭാധനനായ ഒരു അഭിനേതാവ് ആയിരുന്നു മാമുക്കോയ.. എന്നായിരുന്നു മാമുക്കോയയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ച് മന്ത്രി വിമര്‍ശിച്ചത്.
അതേസമയംദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചത്.
നേതാക്കളുടെ ജാഗ്രത കുറവിന് നല്‍കേണ്ടി വരുന്നത് കനത്ത വിലയാണ്. എന്റെ തല എന്റെ ഫിഗര്‍ കാലമൊക്കെ കാറ്റില്‍ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാന്‍ കഴിയില്ല. അല്ലാത്തവര്‍ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂര്‍.
കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയില്‍ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷന്‍ പാലോട് രവി. അബദ്ധം മനസിലാക്കിയ ടി സിദ്ദിഖ് ഉടന്‍ തന്നെ പാലോട് രവിയെ തടഞ്ഞു. പാടല്ലേ, സിഡി ഇടാം എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. പിന്നാലെ ആലിപ്പറ്റ ജമീല ദേശീയഗാനം തിരുത്തിപ്പാടുകയും ചെയ്തു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം.