തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് എന്ന വ്യാജപ്രചരണം നടത്തി വിപണിയിലിറക്കുന്ന കൊക്കോണിക്‌സ് ലാപ്‌ടോപ് ചൈനീസ് ഉല്‍പന്നമാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ. സ്വകാര്യ കമ്പനികള്‍ക്കു ലാഭമുണ്ടാക്കുന്ന രീതിയിലാണ് കമ്പനി വ്യവസ്ഥകള്‍ തയാറാക്കിയിരിക്കുന്നത്. ഇതിലെ ഓഹരിയിലെ മേധാവിത്വം സ്വകാര്യ കമ്പനികള്‍ക്കാണ്. കെല്‍ട്രോണിന് 26 ശതമാനം മാത്രമാണ് കമ്പനിയില്‍ ഓഹരി പങ്കാളിത്തമുള്ളത്.
കെഎസ്‌ഐഡിസിക്ക് 23%. യുഎസ്ടി ഗ്ലോബല്‍ എന്ന ഒറ്റക്കമ്പനിക്കാണ് 49%. ബാക്കി 2% ഒരു സ്റ്റാര്‍ട്ടപ് കമ്പനിക്കുമാണ് നീക്കിവച്ചിരിക്കുന്നത്. 51 % സ്വകാര്യ മേഖലയില്‍ ആയതിനാല്‍ തത്വത്തില്‍ ഇതൊരു സ്വകാര്യ കമ്പനിയാണ്. ലാപ്‌ടോപ് ഇവിടെ നിര്‍മിക്കുകയല്ല, മറിച്ചു ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ലാപ്‌ടോപ് ഭാഗങ്ങള്‍ അസംബിള്‍ ചെയ്തു പുറത്തിറക്കുന്ന യൂണിറ്റ് മാത്രമാണ് കേരളത്തിലുള്ളത് എന്നും വി.ടി. ബല്‍റാം പറഞ്ഞു.
രണ്ടേകാല്‍ ഏക്കര്‍ കെല്‍ട്രോണ്‍ ഭൂമിയും മൂന്നര കോടി രൂപ വായ്പ എടുത്തു പുതുക്കി പണിത കെട്ടിടവും കൊക്കോണിക്‌സിനെന്ന പേരില്‍ സ്വകാര്യ കമ്പനിക്കു കൈമാറുകയാണ്. ഈ ഭൂമി കൈമാറ്റത്തില്‍ വന്‍ അഴിമതിയുണ്ടെന്നും വി.ടി.ബല്‍റാം ആരോപിച്ചു.