തിരുവനന്തപുരം : കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എംഎല്‍എ. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുന്ന അവസ്ഥയാണെന്നും, ഏതെങ്കിലും ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയാത്ത ഗതിയാണെന്നും ബല്‍റാം പറഞ്ഞു.
കെഎസ്‌യുവിലെ ഗ്രൂപ്പുകള്‍ക്കെതിരെ സംഘടിപ്പിച്ച കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ബല്‍റാം.
നമ്മളൊക്കെ ജനിക്കുന്നതിനു മുന്‍പുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോഴും ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നതെന്ന് കെഎസ്‌യു പ്രവര്‍ത്തകരോടായി ബല്‍റാം പറഞ്ഞു.
ഇതുകാരണം ചെറുപ്പം മുതലേ പ്രവര്‍ത്തകര്‍ വന്ധ്യംകരിക്കപ്പെടുന്ന അവസ്ഥയാണ്. പണ്ടു കോണ്‍ഗ്രസില്‍ തലമുറമാറ്റം ആവശ്യപ്പെട്ടവര്‍ 70ഉം 80 ഉം വയസുകഴിഞ്ഞിട്ടും നേതാക്കളായി തുടരുന്നു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍.ശങ്കറിനോട് 62–ാം വയസില്‍ ഒഴിയാന്‍ ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ 75–ാം വയസിലും കോണ്‍ഗ്രസ് തലപ്പത്തുണ്ട്.
കെഎസ്‌യുവിന്റെ തലമുറമാറ്റം ഗ്രൂപ്പു മാനേജര്‍മാര്‍ അംഗീകരിച്ചു തരുമെന്നു കരുതുന്നില്ല. ഗ്രൂപ്പുകള്‍ തെളിക്കുന്ന വഴിയിലൂടെയല്ല പ്രവര്‍ത്തിക്കുന്നവരിലൂടെയാണ് കെഎസ്‌യു മുന്നോട്ടുപോകേണ്ടതെന്നും ബല്‍റാം പറഞ്ഞു.