തിരുവനന്തപുരം: ബിജെപി സംഘടനാ ചുമതലയില്‍ നിന്നും, പാര്‍ട്ടിയില്‍ നിന്നും പുറത്തായ വി വി രാജേഷിനെ ബിജെപിയിലേക്ക് തിരിച്ചെടുത്തു. വി വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
മെഡിക്കല്‍ കോഴ അരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനായിരുന്നു ബി ജെ പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും വി വി രാജേഷിനെ നീക്കിയിരുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു നടപടിയെടുത്തത്.
തുടര്‍ന്ന് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് രാജേഷ് മാറിനിന്നെങ്കിലും പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു. ശബരിമല പ്രശ്നസമയത്തും കെ. സുരേന്ദ്രനൊപ്പം സന്നിധാനത്ത് രാജേഷും ഉണ്ടായിരുന്നു.ഒന്നര വര്‍ഷത്തിലേറെക്കാലത്തിന് ശേഷമാണ് രാജേഷ് സംസ്ഥാന സമിതിയില്‍ എത്തുന്നത്.
വര്‍ക്കലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി കിട്ടാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് വി വി രാജേഷ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്.