v vDakshinamoorthy -body was buried

കോഴിക്കോട് :അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് വി.വി ദക്ഷിണാമൂര്‍ത്തിയുടെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് പാലേരിയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ മൂര്‍ത്തിമാഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാലേരിയിലെ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്.

നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും വിപ്ലവപോരാളിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ഉച്ചവരെ കോഴിക്കോട്ടെ സിപിഐഎം ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ ആജരഞ്ജലി അര്‍പ്പിക്കാനെത്തി. അതിനു ശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

തുടര്‍ന്ന് വീട്ടിലും അല്‍പനേരം പൊതുദര്‍ശനം അനുവദിച്ചിരുന്നു. ഇതിനുശേഷം ചിതയിലേക്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതി അര്‍പ്പിച്ചു.

ഇന്നലെ വൈകുന്നേരം കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ അന്ത്യം. അര്‍ബുദ രോഗബാധിതനായിരുന്നു അദ്ദേഹം. 82 വയസ്സായിരുന്നു. സിപിഐഎമ്മിന്റെ മുതിര്‍ന്ന സംസ്ഥാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

Top